Home » Blog » kerala Max » ഡൊണാൾഡ് ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്; സർവേ റിപ്പോർട്ട്
14

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റെന്ന് Yahoo / YouGov സർവേ റിപ്പോർട്ട്. സർവേ പ്രകാരം 40 ശതമാനം അമേരിക്കക്കാർ ട്രംപിനെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി കണക്കാക്കുന്നു. സമീപമാസങ്ങളിലായി ജീവിതച്ചെലവ് വർധന, കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികൾ, അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ടായ വിവാദ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് ട്രംപിന്റെ അംഗീകാരനിരക്ക് ഇടിഞ്ഞത്.

മൊത്തത്തിൽ 53 ശതമാനം അമേരിക്കക്കാർ ട്രംപിനെ ഏറ്റവും പരാജയകരമായ പ്രസിഡന്റുമാരിൽ ഒരാളായി കാണുന്നു. വെറും മൂന്നിലൊരാളിന് മാത്രമാണ് അനുകൂല അഭിപ്രായം ഉള്ളത്. 12 ശതമാനം പേർ അദ്ദേഹത്തെ മികച്ച പ്രസിഡന്റായി വിലയിരുത്തുമ്പോൾ 21 ശതമാനം പേർ ശരാശരിയിലധികം മികച്ചതെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം, 2026ലെ മിഡ്‌ടേം തെരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടിവരുമെന്ന ഭയം ട്രംപിനും അദ്ദേഹത്തിന്റെ അനുയായികൾക്കും ഉണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് നിയന്ത്രണം നഷ്ടമാകുമെന്ന ആശങ്കയും ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ട്രംപ് തന്നെ പിന്തുണക്കുന്നവരോട് അഭ്യർത്ഥന ശക്തമാക്കിയതോടൊപ്പം ചില നയങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തു.

മിന്നസോട്ടയിൽ കുടിയേറ്റക്കാരെതിരായ നടപടികൾ അവസാനിപ്പിക്കൽ, ഡെമോക്രാറ്റുകൾ നിയന്ത്രിക്കുന്ന നഗരങ്ങളിൽ നിന്ന് നാഷണൽ ഗാർഡ് പിൻവലിക്കൽ, സ്റ്റീൽ-അലുമിനിയം ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള സൂചനകൾ എന്നിവ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർവേകളിൽ അത് പ്രതിഫലിച്ചിട്ടില്ല. പല സർവേകളും മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്നാണ് പ്രവചിച്ചത്.

ട്രംപിന്റെ അംഗീകാരനിരക്ക് 38 ശതമാനമായി താഴ്ന്നപ്പോൾ എതിർക്കുന്നവരുടെ നിരക്ക് 58 ശതമാനമായി ഉയർന്നതായും സർവേ റിപ്പോർട്ടിൽ പറയുന്നു. മിഡ്‌ടേം തെരഞ്ഞെടുപ്പിനെ നിലനിൽപ്പിന്റെ പരീക്ഷണമെന്ന നിലയിലാണ് ട്രംപ് വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടാൽ തന്നെ ഇംപീച്ച് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം പിന്തുണകരോട് പങ്കുവെച്ചു.

നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള യുണൈറ്റഡ് സ്റ്റേറ്റ് കോൺ​ഗ്രസ് പിന്തുണയോടെ ഭരണത്തിൽ നിയന്ത്രണമില്ലാതെ മുന്നേറുന്ന ട്രംപിന്, ഡെമോക്രാറ്റിക് പാർട്ടി നിയന്ത്രിക്കുന്ന ഹൗസ് അല്ലെങ്കിൽ സെനറ്റ് നിലവിൽ വന്നാൽ കോൺഗ്രസ്സിന്റെ മേൽനോട്ടം ശക്തമാകുകയും ഭരണകൂടത്തിന്റെ നയങ്ങൾക്ക് തടസ്സമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.