2026 ഐപിഎൽ സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിൽ തുടരാൻ വിസമ്മതിക്കുകയും ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ട്രേഡിൽ പോകാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്ത സഞ്ജു സാംസണിന്റെ തീരുമാനത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത് രൂക്ഷമായി വിമർശിച്ചു. രാജസ്ഥാൻ ക്യാപ്റ്റനായ സഞ്ജുവിന് വേണ്ടി സ്റ്റാർ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയെയും സാം കറനെയും നൽകിയെന്നുള്ള റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിലാണ് ശ്രീകാന്തിന്റെ ഈ പ്രതികരണം.
“സഞ്ജു സാംസൺ പറയുന്നത് അദ്ദേഹത്തിന് രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കാൻ താൽപ്പര്യമില്ലെന്നാണ്. എങ്കിൽ പിന്നെ ലേലത്തിന് പോകൂ, ഒരു ട്രേഡിലും ഏർപ്പെടരുത്,” ശ്രീകാന്ത് പറഞ്ഞു. ടീമിൻ്റെ ആവശ്യങ്ങൾക്കാണ് ആദ്യം മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദാഹരണത്തിന്, ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ഏറ്റവും അനുയോജ്യൻ റുതുരാജ് ഗെയ്ക്ക്വാദാണ്. അദ്ദേഹം മൂന്നാം സ്ഥാനത്താണ് ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നതിൽ കാര്യമില്ലെന്നും ടീമിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
സഞ്ജുവിനെ നഷ്ടപ്പെടുത്തുന്നത് രാജസ്ഥാൻ റോയൽസിനും തിരിച്ചടി സമ്മാനിക്കുമെന്നാണ് ശ്രീകാന്ത് മുന്നറിയിപ്പ് നൽകുന്നത്. ഈ നീക്കം റോയൽസിൻ്റെ ബാറ്റിംഗ് യൂണിറ്റിനെ ദുർബലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. “ബാറ്റിംഗിൽ സഞ്ജു ഒരു നെടുംതൂണായതിനാൽ അദ്ദേഹത്തെ വിട്ടുകളയുന്നത് ഒരു തരത്തിൽ പരാജയമാണ്. എന്നാൽ ലോക ക്രിക്കറ്റിൽ ഓൾറൗണ്ടർമാർ അപൂർവമാണ്. ഇംപാക്ട് പ്ലെയർ നിയമമുണ്ടെങ്കിൽ പോലും, ഒരു യഥാർത്ഥ ഓൾറൗണ്ടറെ കിട്ടുന്നത് വളരെ വിലപ്പെട്ടതാണ്,” ശ്രീകാന്ത് കൂട്ടിച്ചേർത്തു.
