ട്രെയിനിൽ ‘ടിടിഇ’ ആയി യാത്രക്കാരിൽ നിന്നും പണം തട്ടി; യുവാവ് അറസ്റ്റിൽ

ആഗ്ര: ടിടിഇ ആണെന്ന് പറഞ്ഞ് ട്രെയിനിലെ യാത്രക്കാരിൽ നിന്നും പണം തട്ടിയ ആൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സഹരാൻപുരിൽ നിന്നുള്ള ദേവേന്ദ്ര കുമാറാണ് പിടിയിലായത്. അലിഗഡ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) ഇയാളെ അറസ്റ്റ് ചെയ്തത്. ഗോമതി എക്സ്പ്രസിൽ പരിശോധന നടത്തുമ്പോഴാണ് ഇയാൾ പിടിയിലായത്.

ടിടിഇമാർ ധരിക്കുന്നത് പോലെ കറുത്ത കോട്ട് ധരിച്ചായിരുന്നു ദേവേന്ദ്ര കുമാർ തട്ടിപ്പ് നടത്തിയത്. ഇയാളുടെ പക്കൽ നിന്ന് നിരവധി ടിക്കറ്റുകളും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളിൽ നിന്ന് വരുന്നവരുമായിരുന്നു ദേവേന്ദ്ര കുമാറിന്റെ പ്രധാന ലക്ഷ്യം. ജനറൽ ടിക്കറ്റുകൾ കൂട്ടമായി വാങ്ങി ദീർഘദൂര ട്രെയിനുകളിൽ കയറും. തുടർന്ന് ടിക്കറ്റില്ലാതെ പിടികൂടുന്നവർക്ക് ഇതു നൽകി പണം ഈടാക്കുന്നതാണ് ദേവേന്ദ്ര കുമാറിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ട്രെയിനിലെ കുപ്പി വെള്ള വിൽപനക്കാരനായിരുന്നു ദേവേന്ദ്ര കുമാർ. എന്നാൽ ഒരു വർഷം മുൻപ് കരാർ അവസാനിച്ചതോടെ ജോലി നഷ്ടമായി. ജോലി ഇല്ലാതായതോടെ പെട്ടെന്ന് പണം ഉണ്ടാക്കാനായി ദേവേന്ദ്ര കുമാർ കണ്ടെത്തിയ വഴിയായിരുന്നു ടിടിഇ ചമയൽ. യാത്രക്കാർക്ക് പിഴ ചുമത്തിയും ടിക്കറ്റ് വിറ്റും ഒരു ദിവസം ഏഴായിരം മുതൽ പതിനായിരം രൂപ വരെ ദേവേന്ദ്ര കുമാർ സമ്പാദിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *