ട്രഷറി സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും: മന്ത്രി കെ എന്‍ ബാലഗോപാല്‍

ട്രഷറി സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിച്ച 22 ട്രഷറികളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടിഐഡിപി) ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന എടത്വ സബ് ട്രഷറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ആര്‍ബിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ട്രഷറികളില്‍ വന്‍കിട ബാങ്കുകളോട് കിടപിടിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. മികച്ച സേവിങ്‌സ് സ്‌കീമുകളും ഏറ്റവും കൂടുതല്‍ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളുമാണ് ട്രഷറിയുടേതെന്നും മന്ത്രി പറഞ്ഞു. എടത്വ, തലവടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഓഫീസുകളുടെ ധാരാളം പണമിടപാടുകളാണ് സബ് ട്രഷറി വഴി നടത്തുന്നത്. വര്‍ഷങ്ങളായി സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ച ട്രഷറിയുടെ സേവനം പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നെങ്കിലും മൂന്നാം നിലയിലേക്കെത്താന്‍ പെന്‍ഷന്‍കാര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വയോജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ഇരിക്കാനുള്ള ക്രമീകരണങ്ങള്‍, ശുചിമുറി സൗകര്യം, കുടിവെള്ളം ഇവ താഴത്തെ നിലയില്‍ തന്നെ സജ്ജീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എടത്വ സെന്റ് അലോഷ്യസ് കോളേജിന് സമീപം എടത്വ പള്ളി വകയായി നല്‍കിയ 10 സെന്റ് സ്ഥലത്താണ് പുതിയ ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ട് കോടി 71 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം. 10 മാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി ജൂബിലി ഹാളില്‍ നടന്ന പരിപാടിയില്‍ തോമസ് കെ തോമസ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, ബ്ലോക്ക് പഞ്ചായത്തംഗം ആനി ഈപ്പന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആന്‍സി ബിജോയ്, ഗായത്രി ബി നായര്‍, എടത്വ ഗ്രാമപഞ്ചായത്തംഗം ബിജു ജോര്‍ജ്ജ് മുളപ്പഞ്ചേരി, ദക്ഷിണ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി ബിജുമോന്‍, എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് വേമ്പേനിക്കല്‍, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി സാജന്‍, ചെങ്ങന്നൂര്‍ ജില്ലാ ട്രഷറി ഓഫീസര്‍ കെ ഒ വിജി കുമാരി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *