Home » Blog » Kerala » ട്രഷറി സംവിധാനം ആധുനികവത്ക്കരണത്തിന്റെ പാതയില്‍: മന്ത്രി കെ.എന്‍ ബാലഗോപാല്‍
images - 2026-03-10T181548.187

ജില്ലാ ട്രഷറി ഇനി പൈനാവില്‍

 

സംസ്ഥാനത്ത് ട്രഷറി സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ട്രഷറികള്‍ ആധുനികവത്ക്കരണത്തിന്റെ പാതയിലാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പൈനാവില്‍ ഇടുക്കി ജില്ലാ ട്രഷറി പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആധുനികവത്കരണത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും നിരവധി ട്രഷറികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചില ട്രഷറികള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. ജില്ലാ ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തിച്ചിരുന്ന ഇടുക്കിയിലെ ട്രഷറി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കാനും, ഏകോപിപ്പിക്കാനും വേണ്ടി പൈനാവിലേക്ക് കൊണ്ടുവരികയാണ്. ട്രഷറി ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ധനപരവും ഭരണപരമായ കാര്യങ്ങള്‍ എല്ലാം കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 27 ട്രഷറികളാണ് ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടത്തില്‍ ആരംഭിച്ചത്. തിരുവനന്തപുരത്ത് പട്ടത്ത് ട്രഷറിക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിച്ചു. ട്രഷറിയിലെ ഇടപാടുകാര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം, അക്കൗണ്ടില്‍ പണം പിന്‍വലിച്ചാലോ നിക്ഷേപിച്ചാലോ ഉടന്‍ തന്നെ മൊബൈല്‍ ഫോണിലേക്ക് മെസേജ് വരുന്ന തരത്തിലേക്കുള്ള സംവിധാനം, ഡിജിറ്റല്‍ സുരക്ഷയില്‍ കൂടുതല്‍ കാര്യക്ഷമത എന്നിവ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

അടിസ്ഥാന ദൗതിക സാഹചര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് മൂലമറ്റത്ത് ജില്ലാ ആസ്ഥാനത്തിന് പുറത്ത് ജില്ലാട്രഷറി ആരംഭിച്ചത്. ഇന്ന് സാഹചര്യം മാറിയെന്നും വലിയ തോതിലുള്ള സൗകര്യങ്ങളോടെയാണ് ജില്ലാ ട്രഷറി ആസ്ഥാനത്തേക്ക് മാറ്റുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കാര്യക്ഷമത ഉറപ്പാക്കുമെന്നും ട്രഷറിക്ക് സമയബന്ധിതമായി കെട്ടിടം നിര്‍മ്മിച്ച് അവിടേക്ക് മാറുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജ്, നഴ്സിംഗ് കോളേജ്, ഐഎച്ച് ആര്‍ഡി ഇവയ്ക്ക് പുറമെ ഇടുക്കിയില്‍ ലോ കോളേജ് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

 

ഭരണ നിര്‍വഹണം കാര്യക്ഷമമാക്കാന്‍ ജില്ലാ ഓഫീസുകള്‍ ആസ്ഥാനത്ത് പ്രവര്‍ത്തിക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് മൂലമറ്റത്ത് നിന്ന് ജില്ലാ ട്രഷറി പൈനാവില്‍ ജില്ലാ പഞ്ചായത്തിന് സമീപത്തേക്ക് മാറ്റിയത്. പൈനാവില്‍ 15 സെന്റ് സ്ഥലം പുതിയ കെട്ടിടം നിര്‍മിക്കാനായി അനുവദിച്ചിട്ടുണ്ട്.

 

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ത്രിതല പഞ്ചായത്തംഗങ്ങളായ വിജി കണ്ണന്‍, അമ്മിണി ജോസ്, രാജു കല്ലറയ്ക്കല്‍, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ ഷിജോ തടത്തില്‍, സാജന്‍ കുന്നേല്‍, സിനോജ് വള്ളാടി, സുശീല എന്‍.എന്‍, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി.സാജന്‍, ജില്ലാ ട്രഷറി ഓഫീസര്‍ ബിബി മേരി മാത്യു എന്നിവര്‍ സംസാരിച്ചു.