വാഷിങ്ടൺ: അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക് കപ്പൽ മുങ്ങിയ അതേ വാർഷിക ദിനത്തിൽ തന്നെ അമേരിക്കയിലെ ടൈറ്റാനിക് പ്രദർശനശാലയിൽ വെള്ളപ്പൊക്കം ഉണ്ടായത് ഏവരിലും കൗതുകം നിറക്കുന്നു. ഇല്ലിനോയിസ് സംസ്ഥാനത്തിലെ ചിക്കാഗോയ്ക്ക് സമീപമുള്ള വോളോ മ്യൂസിയത്തിലാണ് ചൊവ്വാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിനെ തുടർന്ന് വെള്ളം കയറിയത്.
കഴിഞ്ഞ 40 വർഷത്തിനിടെ ഈ കെട്ടിടത്തിൽ വെള്ളപ്പൊക്കം സംഭവിക്കുന്നത് ഇത് രണ്ടാമത്തെ തവണ മാത്രമാണെന്ന് മ്യൂസിയം അധികൃതർ അറിയിച്ചു. മ്യൂസിയത്തിന്റെ മാർക്കറ്റ് ഡയറക്ടർ ജിം വോജ്‌ഡിൽ ഈ സംഭവത്തെ അമാനുഷികമായതായി വിശേഷിപ്പിച്ചു. ടൈറ്റാനിക് മുങ്ങിയ അതേ ദിനത്തിൽ തന്നെ പ്രദർശനശാലയിൽ വെള്ളം കയറിയത് സാധാരണ യാദൃശ്ചികമല്ലെന്ന തോന്നലുണ്ടാക്കുന്നുവെന്നും, ഇതിനെക്കുറിച്ച് എന്ത് വിചാരിക്കണമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മ്യൂസിയം ആരംഭിച്ച ആദ്യ വർഷത്തിലും സമാനമായ വെള്ളപ്പൊക്കം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിലപിടിപ്പുള്ള ശേഖരങ്ങൾ സംരക്ഷിക്കാൻ ജീവനക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. ടൈറ്റാനിക് യാത്രക്കാരായിരുന്ന ജോൺ ജേക്കബ് ആസ്റ്റർ, ബെഞ്ചമിൻ ഗുഗൻഹൈം, ലേഡി ഡഫ് ഗോർഡൻ എന്നിവരുമായി ബന്ധപ്പെട്ട് കോടികൾ വിലമതിക്കുന്ന വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. അക്കാലത്തെ വസ്ത്രങ്ങൾക്കും കലാസൃഷ്ടികൾക്കും കേടുപാടുകൾ വരാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.
ഈ മ്യൂസിയവുമായി ബന്ധപ്പെട്ട് മുമ്പും അസാധാരണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. അതിനാൽ ടൈറ്റാനിക് ഓർമദിനത്തിൽ ഉണ്ടായ ഈ വെള്ളപ്പൊക്കം സംഭവത്തിന് കൂടുതൽ ആക്കം കൂട്ടുന്നുവെന്ന് അവർ അഭിപ്രായപ്പെടുന്നു.
