ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ടീം സെലക്ഷനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരവും സെലക്ടറുമായ ക്രിസ് ശ്രീകാന്ത്. പ്ലെയിങ് ഇലവനിൽ കുൽദീപ് യാദവിനെ ഉൾപ്പെടുത്താത്തതിനെയാണ് ശ്രീകാന്ത് ചോദ്യം ചെയ്തത്. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മൂന്ന് പേസർമാരെയും രണ്ട് സ്പിൻ ഓൾറൗണ്ടർമാരെയും (അക്‌സർ പട്ടേലും വാഷിംഗ്ടൺ സുന്ദറും) ഉൾപ്പെടുത്തിയ ടീം സെലക്ഷൻ പാളിച്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആറാം ബൗളറായി നിതീഷ് കുമാർ റെഡ്ഡിയാണ് കളത്തിലിറങ്ങിയത്.
മത്സരത്തിൽ സ്പിന്നർമാർ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും അതുകൊണ്ട് കുൽദീപിനെ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്നുമാണ് ശ്രീകാന്തിന്റെ പക്ഷം. “ഓസ്‌ട്രേലിയക്കായി മാത്യു കുൻഹെമൻ രണ്ട് വിക്കറ്റെടുത്തു. അക്‌സറും ഒരു പ്രധാന വിക്കറ്റ് വീഴ്ത്തി. സ്പിന്നർമാർ, പ്രത്യേകിച്ച് റിസ്റ്റ് സ്പിന്നർമാർ, മാച്ച് വിന്നേഴ്‌സ് ആകാൻ കെൽപുള്ളവരാണ്. കുൽദീപിനെ അവർ ഒഴിവാക്കിയതിന്റെ യുക്തി എനിക്ക് മനസ്സിലായില്ല,” ശ്രീകാന്ത് തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു.
ഞാൻ ആയിരുന്നുവെങ്കിൽ കുൽദീപിനെയും വാഷിംഗ്ടൺ സുന്ദറിനെയും അക്‌സറിനെയും ഒരുമിച്ച് കളിപ്പിക്കുമായിരുന്നുവെന്നും, മീഡിയം പേസർമാരേക്കാൾ മികച്ച പ്രകടനം സ്പിന്നർമാർക്ക് ഈ സാഹചര്യങ്ങളിൽ കാഴ്ചവയ്ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെസ്റ്റിലും ഏഷ്യാ കപ്പിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച കുൽദീപിനെ ഓസ്‌ട്രേലിയൻ മണ്ണിൽ ഫോമാകില്ലെന്ന് പറഞ്ഞ് ഒഴിവാക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
