Home » Blog » Kerala » “ടിവികെയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനം ഏകപക്ഷീയം, ഡിഎംകെ ഒരിക്കലും ഇത് അംഗീകരിക്കില്ല”; വിമര്‍ശനവുമായി ശരവണൻ അണ്ണാദുരൈ
4

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് വിജയ് യുടെ ടിവികെയെ പിന്തുണക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കടുത്ത വിമർശനവുമായി ഡിഎംകെ. കോൺഗ്രസിനെ പിന്നിൽനിന്ന് കുത്തുന്നവരെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ വിശേഷിപ്പിച്ചു. ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനം ഏകപക്ഷീയമാണെന്നും അത് ഡിഎംകെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

പിന്തുണ തേടി വിജയ് കോൺഗ്രസിനെ സമീപിച്ചതിന് പിന്നാലെ പാർട്ടി ദേശീയ നേതൃത്വം പച്ചക്കൊടി കാണിച്ചിരുന്നു. അന്തിമ തീരുമാനം തമിഴ്‌നാട് കോൺഗ്രസിന് വിട്ടിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. പിന്നാലെ ചൊവ്വാഴ്ച രാത്രി വൈകി നടന്ന തമിഴ്‌നാട് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തര യോഗം ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചാതായാണ് വിവരം. തമിഴ്‌നാട്ടിൽ മതേതര സർക്കാർ വരണമെന്നാണ് ജനഹിതം. ബിജെപിയും അവരുടെ പ്രതിനിധികളും തമിഴ്‌നാട് ഭരിക്കുന്നത് കോൺഗ്രസ് അനുവദിക്കില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

234 അംഗ തമിഴ്‌നാട് നിയമസഭയിൽ 108 സീറ്റുകളാണ് വിജയിയുടെ ടിവികെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 10 എം.എൽ.മാരുടെ കുറവാണ് വിജയുടെ പാർട്ടിക്കുള്ളത്. അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാലും ഭൂരിപക്ഷം നേടാനാകില്ല. സിപിഎം മുസ്‌ലിംലീഗും അടക്കമുള്ള ഡിഎംകെ സഖ്യത്തിൽ മത്സരിച്ച ചെറുപാർട്ടികളുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്. കോൺഗ്രസ് പിന്തുണച്ചാൽ ലീഗും പിന്തുണച്ചേക്കും.