ടാബ്‌ലെറ്റിനോട് സാമ്യമുള്ള വലിയ സ്‌ക്രീനുമായി പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ സാംസങ് ഒരുങ്ങുന്നു. 2026-ല്‍ ആപ്പിള്‍ അവരുടെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ, മത്സരം കടുപ്പിക്കാനുള്ള നീക്കമാണ് ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ്ങിന്റെ പുതിയ പദ്ധതി.
സിഎന്‍ഇടി റിപ്പോര്‍ട്ട് പ്രകാരം, ‘വൈഡ് ഫോള്‍ഡ്’ എന്ന പേരിലാണ് സാംസങ് ആഭ്യന്തരമായി ഈ പുതിയ ഫോള്‍ഡബിള്‍ ഡിവൈസിനെ വിളിക്കുന്നത്. ദക്ഷിണ കൊറിയന്‍ പ്രസിദ്ധീകരണമായ ഇടിന്യൂസിനെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നത്. 2026-ന്‍റെ രണ്ടാം പകുതിയിലാകും ഈ പുതിയ മോഡല്‍ വിപണിയിലെത്തുക എന്നാണ് സൂചന.
വൈഡ് ഫോള്‍ഡിന്‍റെ ഡിസ്‌പ്ലെ വിവരങ്ങള്‍ ഇതിനകം തന്നെ ലീക്കായിട്ടുണ്ട്. വൈഡ് ഫോള്‍ഡ് പൂര്‍ണമായി തുറക്കുമ്പോള്‍ 7.6 ഇഞ്ച് ഇന്‍റേണല്‍ ഡിസ്‌പ്ലെയും, അടച്ചിരിക്കുമ്പോള്‍ 5.4 ഇഞ്ച് എക്‌സ്‌ടേണല്‍ ഡിസ്‌പ്ലെയും ഉണ്ടായിരിക്കും. ഇന്‍റേണല്‍ സ്‌ക്രീന്‍ 4:3 ആസ്‌പെക്ട് റേഷ്യോയിലായിരിക്കും, ഇത് കോംപാക്ട് ടാബ്‌ലെറ്റുകളിലേതിന് സമാനമായ അനുഭവം നല്‍കും. ഇതുവരെ പുറത്തിറങ്ങിയ ഫോള്‍ഡബിള്‍ ഫോണുകളെക്കാള്‍ കൂടുതല്‍ ചതുരാകൃതിയിലുള്ള വിശാല ഡിസ്‌പ്ലെയാണ് വൈഡ് ഫോള്‍ഡിനെ വേറിട്ടതാക്കുന്നത്. വെബ് ബ്രൗസിംഗ്, ഡോക്യുമെന്റ് എഡിറ്റിംഗ്, ഫോട്ടോ-വീഡിയോ കാഴ്ചകള്‍ എന്നിവയില്‍ ഇത് മെച്ചപ്പെട്ട അനുഭവം നല്‍കുമെന്നാണ് പ്രതീക്ഷ.
സാംസങ് സാധാരണയായി വര്‍ഷത്തിന്‍റെ രണ്ടാം പകുതിയിലെ ഗാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റിലാണ് ഫോള്‍ഡബിള്‍ ഫോണുകള്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ ഗാലക്‌സി Z സീരീസിനൊപ്പം തന്നെ വൈഡ് ഫോള്‍ഡും അരങ്ങേറ്റം കുറിച്ചേക്കും. വില, ക്യാമറ, പ്രോസസര്‍, ബാറ്ററി ശേഷി തുടങ്ങിയ പ്രധാന സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. സാംസങിന്‍റെ വൈഡ് ഫോള്‍ഡ് വെല്ലുവിളി ഉയര്‍ത്തുക 2026-ന്‍റെ രണ്ടാംപാതിയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിളിന്‍റെ ആദ്യ ഫോള്‍ഡബിളിനായിരിക്കും.
