Home » Blog » Cinema » “ഞാൻ കൈ വീശി കാണിച്ചിട്ടും ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല, അന്നാണ് ആത്മീയതയുടെ കരുത്ത് ഞാൻ മനസ്സിലാക്കിയത്, അതോടെ എന്‍റെ അഹങ്കാരവും തീർന്നു”; അനുഭവം പങ്കുവച്ച് രജനികാന്ത്
7

ചെന്നൈ: ഒരു ബസ് കണ്ടക്ടറിൽ നിന്നും ലോകമറിയുന്ന ആരാധകരുള്ള സൂപ്പര്‍ താരത്തിലേക്കുള്ള രജനികാന്തിന്‍റെ വളര്‍ച്ച അത്ര സുഗമമായിരുന്നില്ല. ഒട്ടേറെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും സഹിച്ചാണ് താൻ നടനായതെന്ന് താരം തന്നെ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. സൂപ്പർസ്റ്റാർ പദവിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴും തന്‍റെ ഉള്ളിലെ ‘അഹങ്കാരം’ എങ്ങനെയാണ് ഒരു ആശ്രമ സന്ദർശനത്തിലൂടെ തകർന്നതെന്ന് വെളിപ്പെടുത്തുകയാണ് രജനികാന്ത്. ഹിമാലയത്തിലെ ഋഷികേശിലുള്ള ഒരു ആശ്രമത്തിൽ തനിക്കുണ്ടായ അനുഭവമാണ് രജനി പങ്കുവെച്ചത്.

‘ആർട്ട് ഓഫ് ലിവിംഗ്’ ഫൗണ്ടേഷന്‍റെ 45-ാം വാർഷികത്തിലും ശ്രീ ശ്രീ രവിശങ്കറിന്‍റെ 70-ാം ജന്മദിന ആഘോഷവേളയിലും പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് രജനികാന്ത് ഈ അനുഭവത്തെക്കുറിച്ച് സദസിനോട് പറഞ്ഞത്. ആശ്രമം ചുറ്റിക്കാണാൻ ഗുരുജി തന്നെ ക്ഷണിച്ചപ്പോൾ, താൻ വരുന്നത് ആളുകൾക്കിടയിൽ വലിയ ബഹളത്തിന് കാരണമാകുമെന്ന് രജനി കരുതി. എന്നാൽ ഗുരുജി അത് സാരമില്ലെന്ന് പറഞ്ഞു.”സ്വാഭാവികമായും ആളുകൾ അവിടെ ഉണ്ടാകുമെന്നും എന്നെ തിരിച്ചറിയുമെന്നും എന്‍റെ പേര് വിളിച്ചു പറയുമെന്നും ഒരു ഫോട്ടോ, ഓട്ടോഗ്രാഫ് തുടങ്ങിയവ ചോദിക്കുമെന്നും ഞാൻ കരുതി. തമിഴ്‌നാട്ടിൽ നിന്നുള്ള നിരവധി ആളുകളെയും ഞാൻ കണ്ടു.” എന്നാൽ ആശ്രമത്തിലെത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്നാണ് രജനി പറയുന്നത്.

”ആയിരക്കണക്കിനാളുകൾ അവിടെയുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഒരാൾ പോലും എന്നെ തിരിഞ്ഞുനോക്കിയില്ല. ഫോട്ടോയുടെയും ഓട്ടോഗ്രാഫിന്‍റെയും കാര്യം പോട്ടെ…ഒരാൾ പോലും എന്നെ നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ഞാൻ കൈവീശി കാണിച്ചു, പക്ഷേ ആരും എന്നെ നോക്കിയില്ല…. ഞാൻ നിരവധി രാഷ്ട്രീയക്കാരെയും വ്യവസായികളെയും കണ്ടിട്ടുണ്ട്, പക്ഷേ ഈ സംഭവം എന്‍റെ അഹങ്കാരത്തെ തകർത്തു.” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ആ അനുഭവം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. എന്നാൽ അന്നാണ് ആത്മീയതയുടെ കരുത്ത് ഞാൻ മനസ്സിലാക്കിയത്. താരം എന്ന പദവി വരും, പോകും, ചിലപ്പോൾ കുറച്ചു കാലം കൂടി നിന്നേക്കാം. എന്നാൽ ആത്മീയമായ ഔന്നത്യമാണ് പരമമായ ‘സ്റ്റാർഡം’. മരണശേഷവും അത് നിലനിൽക്കും, സത്യത്തിൽ അത് വളർന്നുകൊണ്ടേയിരിക്കും.” – രജനി പറഞ്ഞു.