ബീഹാറിലെ ഗോപാൽഗഞ്ചിൽ നടന്ന ഒരു റെയ്ഡിൽ, പോലീസ് കണ്ടെടുത്തത് ഒരു അന്തർസംസ്ഥാന സൈബർ തട്ടിപ്പ് ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. കേവലം ഒരു ചായക്കടക്കാരനായിരുന്ന ഒരാൾ കോടികളുടെ തട്ടിപ്പ് റാക്കറ്റിലെ മുഖ്യകണ്ണിയായി മാറിയ കഥയാണിത്.
ബീഹാർ പോലീസ് നടത്തിയ റെയ്ഡിൽ ഒരു വീട്ടിൽ നിന്ന് 1.05 കോടിയിലധികം രൂപയും കിലോക്കണക്കിന് സ്വർണ്ണാഭരണങ്ങളുമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചായ വിൽപ്പനക്കാരൻ എങ്ങനെ സൈബർ ലോകത്തെ കോടീശ്വരനായി മാറി എന്ന് നോക്കാം.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 17 വെള്ളിയാഴ്ച വൈകുന്നേരം അമൈതി ഖുർദ് ഗ്രാമത്തിലെ ഒരു വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. റെയ്ഡിൽ 1,05,49,850 രൂപ പണവും, 344 ഗ്രാം സ്വർണ്ണവും, 1.75 കിലോഗ്രാം വെള്ളിയും കണ്ടെടുത്തു. 85 എടിഎം കാർഡുകൾ, 75 ബാങ്ക് പാസ്ബുക്കുകൾ, 28 ചെക്ക്ബുക്കുകൾ, ആധാർ കാർഡുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു ആഡംബര കാർ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
കേസിലെ മുഖ്യപ്രതിയായ അഭിഷേക് കുമാറിൻ്റെ വളർച്ചാ കഥ ഞെട്ടിക്കുന്നതാണ്. പ്രധാന പ്രതിയായ അഭിഷേക് കുമാർ സൈബർ ക്രൈം റാക്കറ്റിൽ ചേരുന്നതിന് മുമ്പ് ഒരു ചെറിയ ചായക്കട നടത്തിയിരുന്നതായി പോലീസ് റിപ്പോർട്ട് ചെയ്തു.
പിന്നീട് ദുബായിലേക്ക് താമസം മാറിയ അഭിഷേക്, അവിടെയിരുന്നാണ് തട്ടിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അഭിഷേകിൻ്റെ സഹോദരൻ ആദിത്യ കുമാർ ഇന്ത്യയിലെ പണമിടപാടുകളും മറ്റ് ലോജിസ്റ്റിക് കാര്യങ്ങളും നിയന്ത്രിച്ചു. “തട്ടിപ്പിലൂടെ സമ്പാദിച്ച പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് അത് പണമായി മാറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്,” സൈബർ ഡിഎസ്പി അവന്തിക ദിലീപ് കുമാർ വ്യക്തമാക്കി.
ഈ ശൃംഖല ബീഹാറിന് പുറത്തേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പിടിച്ചെടുത്ത ബാങ്ക് പാസ്ബുക്കുകളിൽ ഭൂരിഭാഗവും ബെംഗളൂരുവിൽ നൽകിയതാണെന്ന് കണ്ടെത്തി.
ഇത് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. അക്കൗണ്ടുകൾക്ക് ദേശീയ തലത്തിലുള്ള ഏതെങ്കിലും സൈബർ നെറ്റ്‌വർക്കുമായി ബന്ധമുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
ഫണ്ടുകളുടെ ഉറവിടവും സംഘടിത സൈബർ കുറ്റകൃത്യങ്ങളുമായുള്ള ബന്ധവും പരിശോധിക്കുന്നതിനായി റെയ്ഡിനെത്തുടർന്ന് ആദായനികുതി വകുപ്പിലെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിലെയും (എടിഎസ്) സംഘങ്ങളും അന്വേഷണത്തിൽ പങ്കുചേർന്നിരിക്കുകയാണ്.
