മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളാണ് മഞ്ജു പിള്ളയും വീണ നായരും. ‘തട്ടീം മുട്ടീം’ എന്ന ജനപ്രിയ പരമ്പരയിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ, വീണ നായരുടെ യൂട്യൂബ് ചാനലിൽ മഞ്ജു പിള്ള നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ ശ്രദ്ധ നേടുകയാണ്.
ജീവിതത്തിൽ തനിക്ക് ഒഴിച്ചുകൂടാനാവാത്ത വ്യക്തികൾ ആരെന്ന ചോദ്യത്തിന് മഞ്ജു പിള്ള നൽകിയ മറുപടിയാണ് ആരാധകരെ ആകർഷിക്കുന്നത്.”എൻ്റെ അമ്മയും മകളും. ഈ രണ്ടുപേരാണ് എനിക്ക് ജീവിതത്തിൽ മാറ്റിനിർത്താൻ സാധിക്കാത്ത രണ്ട് വ്യക്തികൾ,” മഞ്ജു പറഞ്ഞു.
മകളെക്കുറിച്ച് സംസാരിക്കുമ്പോൾ, “മകൾ അവരുടെ ജീവിതത്തിലേക്ക് പോകും. അവർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നമ്മൾ കൂടെ പോകും. എന്നാൽ അമ്മയോളം വരില്ല ഒന്നും,” താരം പറയുന്നു.”മക്കൾ എന്തെങ്കിലും കഴിച്ചോ എന്ന് ഇപ്പോഴും ചോദിക്കുന്നത് അമ്മ മാത്രമാണ്. എൻ്റെ ഫോണിൽ ഇപ്പോഴും അമ്മയുടെ വോയിസ് മെസേജ് ഉണ്ടാകും. രാത്രി കിടക്കാൻ നേരം പോലും ‘എന്തെങ്കിലും കഴിച്ചോ’ എന്ന് ചോദിക്കുന്ന മെസേജ് എത്തും. ഇത് നമ്മുടെ മക്കൾ ചിലപ്പോൾ ചോദിച്ചെന്ന് വരില്ല. അവർ ചോദിക്കാത്തത് സ്‌നേഹക്കുറവുകൊണ്ടല്ല, നമ്മുടെയെല്ലാം അമ്മമാർ അത്രയേറെ ശ്രദ്ധയുള്ളവരാണ്,” മഞ്ജു പിള്ള മനസ്സുതുറന്നു.
