യുഎഇയിൽ സാമ്പത്തിക തട്ടിപ്പുകളുടെ രീതി മാറുന്ന സാഹചര്യത്തിൽ, താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. വ്യാജ ഫോൺ കോളുകൾ, കെട്ടിച്ചമച്ച ബാങ്കിങ് സന്ദേശങ്ങൾ, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത നിക്ഷേപ പദ്ധതികൾ തുടങ്ങിയ പുതിയ ‘കെണികൾ’ തട്ടിപ്പുകാർ സജീവമായി ഉപയോഗിക്കുന്നതായി പോലീസ് അറിയിച്ചു.
വ്യാജ സ്വർണ വിൽപന വാഗ്ദാനങ്ങൾ, അവിശ്വസനീയമാംവിധം കുറഞ്ഞ വിലയ്ക്ക് വാടകയ്ക്ക് നൽകുന്ന ഷാലെ പരസ്യങ്ങൾ എന്നിവ സംബന്ധിച്ചും ജാഗ്രത വേണം. ഈ വാഗ്ദാനങ്ങളിൽ വീഴുന്നവർക്ക് പണം നഷ്ടമാവുകയാണ് പതിവ്. ഇവയെല്ലാം ഒരൊറ്റ ലക്ഷ്യത്തോടെയുള്ള തട്ടിപ്പുകളുടെ വിവിധ മുഖങ്ങളാണ് നിങ്ങളുടെ പണം തട്ടിയെടുക്കുക പൊലീസ് വ്യക്തമാക്കി. ഓൺലൈൻ, സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി അബുദാബി പോലീസ് ‘ജാഗ്രത പാലിക്കുക’ എന്ന ക്യാംപെയിൻ്റെ ആറാം പതിപ്പിന് തുടക്കം കുറിച്ചു. ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനും സൈബർ തട്ടിപ്പുകളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള പോലീസിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.
യുഎഇ ആഭ്യന്തര മന്ത്രാലയം, സൈബർ സുരക്ഷാ കൗൺസിൽ, പ്രമുഖ ബാങ്കുകളായ ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഈ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
