വിജയ് നായകനായ ‘ജനനായകൻ’ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിൽ. ചിത്രം വീണ്ടും പരിശോധിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. ബോർഡിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി (EC) അംഗം തന്നെയാണ് ചിത്രത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്.
സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങൾ സിനിമയിലുള്ളതിനാൽ പ്രതിരോധ വിദഗ്ധർ ചിത്രം കാണണമെന്നാണ് സെൻസർ ബോർഡിന്റെ വാദം. എന്നാൽ സിനിമയിൽ ഇതിനോടകം തന്നെ 27 കട്ടുകൾ വരുത്തിയെന്നും, സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉറപ്പുനൽകിയ ശേഷം ബോർഡ് മലക്കംമറിയുകയാണെന്നും നിർമ്മാതാക്കൾ കോടതിയിൽ ചൂണ്ടിക്കാട്ടി. ഒരു കമ്മിറ്റി അംഗത്തിന് തന്നെ എങ്ങനെ പരാതിക്കാരനാകാൻ കഴിയുമെന്ന് നിർമ്മാതാക്കൾ ചോദിച്ചു. 22-ന് യു/എ സർട്ടിഫിക്കറ്റ് ഉറപ്പുനൽകിയ ശേഷം നിലപാട് മാറ്റുന്നത് എന്തുകൊണ്ടാണെന്ന് കോടതിയും ചോദിച്ചു. ചെയർമാന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടിയെന്ന് ബോർഡ് മറുപടി നൽകി. കേസ് വിധി പറയാനായി കോടതി മാറ്റിയിരിക്കുകയാണ്.
