സൗത്ത് ഡൽഹിയിലെ സഫ്ദർജങ് ഏരിയയിലുള്ള വസതിയിൽ ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി ജുഡീഷ്യൽ സർവീസിലെ അംഗമായ 30 വയസ്സുകാരൻ അമൻ കുമാർ ശർമ്മയെയാണ് ശനിയാഴ്ച താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ വിവരം അമൻ കുമാറിന്റെ അളിയനാണ് പൊലീസിനെ അറിയിച്ചത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നതുൾപ്പെടെയുള്ള എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
2021-ലാണ് അമൻ കുമാർ ശർമ ഡൽഹി ജുഡീഷ്യൽ സർവീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പൂണെയിലെ സിംബയോസിസ് ലോ സ്കൂളിൽ നിന്ന് 2018-ൽ ബിഎ എൽഎൽബി പൂർത്തിയാക്കിയ അദ്ദേഹം ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഫസ്റ്റ് ക്ലാസ്, സിവിൽ ജഡ്ജി എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2025 ഒക്ടോബറിൽ കർക്കർദൂമ കോടതിയിലെ നോർത്ത്-ഈസ്റ്റ് ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഫുൾ ടൈം സെക്രട്ടറിയായി നിയമിതനായിരുന്നു.
