ഒരു പ്രധാന വ്യവസായ സമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്ന ഒരു ഇന്ത്യൻ ടെക് പ്രൊഫഷണലിന്റെ സ്വപ്നം വെറും ഒരു മിനിറ്റിനുള്ളിൽ തകർന്നുവെന്നുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. ന്യൂഡൽഹിയിലെ അമേരിക്കൻ എംബസിയിൽ നടത്തിയ B1/B2 വിസ അഭിമുഖത്തിൽ ഉദ്യോഗസ്ഥൻ മൂന്നു ചോദ്യങ്ങൾ മാത്രമിട്ട് നിരസിക്കൽ സ്ലിപ്പ് കൈമാറുകയായിരുന്നു.
റെഡ്ഡിറ്റിൽ തന്റെ അനുഭവം പങ്കുവെച്ച ടെക് പ്രൊഫഷണൽ പറഞ്ഞു, “ഇന്ന് ഡൽഹിയിലെ അമേരിക്കൻ എംബസിയിൽ എനിക്ക് B1/B2 വിസയ്ക്കുള്ള അഭിമുഖം ഉണ്ടായിരുന്നു. വെറും മൂന്ന് ചോദ്യങ്ങൾക്ക് ശേഷം, ഒരു മിനിറ്റിനുള്ളിൽ എന്നെ നിരസിച്ചു. എന്താണ് തെറ്റ് സംഭവിച്ചതെന്നും അടുത്ത തവണ എങ്ങനെ മെച്ചപ്പെടുത്താമെന്നും മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുകയാണ്.”
അറ്റ്ലാന്റയിൽ നടക്കുന്ന KubeCon + CloudNativeCon 2025 കോൺഫറൻസിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചിരുന്ന അദ്ദേഹം, ക്ലൗഡ് നേറ്റീവ് സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന ഒരു സീനിയർ ടെക് ലീഡാണ്. “ഈ മേഖലയിൽ ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ച് അറിയാൻ ഈ കോൺഫറൻസിൽ പങ്കെടുക്കേണ്ടത് പ്രധാനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിമുഖത്തിൽ ഉദ്യോഗസ്ഥൻ ചോദിച്ചത് — യാത്രയുടെ ഉദ്ദേശ്യം, മുൻ വിദേശ യാത്രകൾ, അമേരിക്കയിൽ പരിചയക്കാരുണ്ടോ എന്നിങ്ങനെ ആകെ മൂന്നു ചോദ്യങ്ങൾ മാത്രം. ലിത്വാനിയ, മാലിദ്വീപ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കാണ് അദ്ദേഹം മുൻപ് യാത്ര ചെയ്തതെന്ന് മറുപടി നൽകി. അമേരിക്കയിൽ ആരെയും അറിയില്ലെന്നു പറഞ്ഞതോടെയാണ് 214(ബി) നിരസിക്കൽ സ്ലിപ്പ് ലഭിച്ചത്.
