കൊല്ലം: പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരുന്ന സാഹചര്യത്തിൽ, ചൈനയിൽ നിന്ന് ഷാർജയിലേക്കു പുറപ്പെട്ട ഇന്ധനക്കപ്പൽ അഭയം തേടി കൊല്ലം തുറമുഖത്തെത്തി. ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്ര സുരക്ഷാ ആശങ്കകൾ മൂലം വൈകിയതിനെ തുടർന്ന് കപ്പലിന് ദിവസങ്ങളോളം ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങേണ്ടിവന്നു. ആവശ്യമായ ഇന്ധനവും കുടിവെള്ളവും ഇല്ലാതായതോടെയാണ് അടിയന്തരമായി കൊല്ലം തുറമുഖത്തെ സമീപിച്ചത്.
കഴിഞ്ഞ 14-ന് ചൈനയിലെ നിങ്ഡേ തുറമുഖത്തിൽ നിന്ന് പുറപ്പെട്ട കപ്പൽ, ഷാർജയിലെത്താൻ ജി.എം. 2-ന് ഹോർമുസ് കടലിടുക്ക് താണ്ടണം. എന്നാൽ മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ യാത്ര തുടരാനാകാതെ ഇന്ത്യൻ സമുദ്രത്തിൽ കാത്തിരിക്കേണ്ടിവന്നു. ഈ സാഹചര്യത്തിൽ ആവശ്യമായ ഇന്ധനവും കുടിവെള്ളവും ഇല്ലാതായതോടെ, അടുത്തുള്ള സുരക്ഷിത തുറമുഖമായി കൊല്ലത്തെ തിരഞ്ഞെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ അധികൃതരുടെ അനുമതിയോടെ കപ്പൽ തുറമുഖത്തടുപ്പിച്ചു. ഒരു ചൈനീസ് പൗരനും ക്യാപ്റ്റനുൾപ്പെടെ 10 ഇന്തോനേഷ്യക്കാരുമാണ് കപ്പലിലുള്ളത്. പാചകവാതകം കൊണ്ടുപോകുന്നതിനുള്ള ഈ കപ്പൽ, അറ്റകുറ്റപ്പണിക്ക് ശേഷം ഒഴിഞ്ഞ ടാങ്കറായിട്ടാണ് യാത്ര തുടർന്നിരുന്നത്.
