ഷാർജ: ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഷാർജയിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ മൂന്ന് ദിവസം സൗജന്യ പാർക്കിങ് അനുവദിച്ച് ഷാർജ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA). ദുബൈ, അബൂദബി എമിറേറ്റുകൾക്ക് പിന്നാലെയാണ് ഷാർജയും പാർക്കിങ് ഇളവ് പ്രഖ്യാപിച്ചത്. മാർച്ച് 20 മുതൽ 22 വരെ ഈ ഇളവ് ബാധകമായിരിക്കും. എന്നാൽ പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന നീല ബോർഡുകൾ സ്ഥാപിച്ച സ്മാർട്ട് പാർക്കിങ് സോണുകൾക്ക് ഈ സൗജന്യം ബാധകമല്ല.
ചെറിയ പെരുന്നാൾ അവധിക്കാലത്ത് തിരക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും യാത്രാ സൗകര്യങ്ങളും ഷാർജ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA) വർധിപ്പിച്ചു. അവധി ദിനങ്ങളിലായി ഇന്റർസിറ്റി റൂട്ടുകളിൽ 4,600 ബസ് ട്രിപ്പുകൾ നടത്തും. തിരക്കുള്ള സമയങ്ങളിൽ ഓരോ 5 മിനിറ്റിലും ബസ് സർവീസ് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
104 ബസുകൾ ഉപയോഗിച്ച് 527 ബസ് സ്റ്റോപ്പുകളിലായി ദിവസേന 1,144 ട്രിപ്പുകൾ നടത്തും. ഇതിനായി 12 പ്രധാന റൂട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കടൽ മാർഗം യാത്ര ചെയ്യുന്നതിനായി ഷാർജ, ദുബൈ എമിറേറ്റുകൾക്കിടയിൽ ദിവസവും 8 ബോട്ട് സർവീസുകൾ ക്രമീകരിച്ചു. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനും വേഗത്തിലുള്ള യാത്ര ഉറപ്പാക്കാനുമാണ് ഈ ക്രമീകരണങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.
