ചെങ്ങന്നൂർ പാണ്ടനാട് പൊതുശ്മശാനം ഉദ്ഘാടനം ചെയ്തു
നാല് ഇലക്ട്രിക്കൽ സബ്സ്റ്റേഷനുകളാണ് ചെങ്ങന്നൂർ മണ്ഡലത്തിൽ വരാൻ പോകുന്നതെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പാണ്ടനാട് സ്ഥാപിച്ച ചെങ്ങന്നൂർ ശാന്തിതീരം പൊതുശ്മശാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ലെ പ്രളയത്തിനുശേഷം ചെങ്ങന്നൂർ മണ്ഡലത്തിലെ ഭൂരിഭാഗം ഇലക്ട്രിക് പോസ്റ്റുകളും ഉയർത്തി. ചെങ്ങന്നൂരിൽ പല വീടുകളിലും മരണം സംഭവിച്ചാൽ ചങ്ങനാശ്ശേരി നഗരസഭയുടെ പൊതു ശ്മശാനത്തെ ആശ്രയിക്കണമായിരുന്നു. ഈ ബുദ്ധിമുട്ടാണ് പാണ്ടനാട് സ്ഥാപിച്ച പൊതുശ്മശാനത്തിലൂടെ മറികടക്കാൻ സാധിച്ചത്. രാഷ്ട്രീയഭേദമില്ലാതെയുള്ള വികസനത്തിലൂടെ മാത്രമേ ഒരു നാട് പുരോഗമിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
പരിമിതമായ സ്ഥലസൗകര്യങ്ങളുള്ളവർക്ക് മൃതദേഹം സംസ്കരിക്കാൻ കഴിയാത്ത സാഹചര്യത്തിന് പരിഹാരമായി 2019-20 ബജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് പാണ്ടനാട് പൊതുശ്മശാനം നിർമ്മിച്ചത്. 288.785 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഗ്യാസ് ഗ്യാസ് ക്രിമറ്റോറിയമാണ് സ്ഥാപിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദവും ഗ്യാസ് അധിഷ്ഠിതവുമായ ശ്മശാനം രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെയാണ് പ്രവർത്തിക്കുന്നത്. ശ്മശാനത്തിനോട് അനുബന്ധമായി 650 മീറ്റർ നീളത്തിൽ ആലുംമൂട്ടിൽനട പൊതു സ്മശാനം റോഡും പൂർത്തീകരിച്ച് മന്ത്രി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി കുഞ്ഞുകുഞ്ഞ് അധ്യക്ഷയായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി, നഗരസഭ ഉപാധ്യക്ഷൻ ജി കൃഷ്ണകുമാർ, പാണ്ടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ജി ഗീവർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം യശോധരൻ കാവിൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം കെ ഗീതാകുമാരി, എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് എസ് ഇന്ദു, പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറി എൽ ലത തുടങ്ങിയവർ പങ്കെടുത്തു.
