ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് ടെർമിനൽ യാഥാർത്ഥ്യമാകുന്നതോടെ ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് വലിയ പരിഹാരമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നിരവധി അയ്യപ്പന്മാർക്ക് വിരിവെച്ച് കിടക്കാനുള്ള ഇടങ്ങളും ശുചിമുറി അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്നും നിർമ്മാണം പൂർത്തിയാകുന്നതോടെ കേരളത്തിലെ പ്രധാനപ്പെട്ട ബസ് സ്റ്റേഷനുകളിൽ ഒന്നായി ചെങ്ങന്നൂർ ബസ് സ്റ്റേഷൻ മാറുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ പിഡബ്ല്യുഡി വഴിയാണ് നടക്കുന്നത്. വർഷങ്ങളായി തീരാതെ കിടന്ന പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ ഇപ്പോൾ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പഴയ കെട്ടിടങ്ങൾക്കു പകരം മനോഹരവും ആധുനികവുമായ കെട്ടിടങ്ങളാണ് ഇനി കെഎസ്ആർടിസിക്ക് ഉണ്ടാകുക. കഴിഞ്ഞ രണ്ടര വർഷത്തിനിടെ ചെറുതും വലുതുമായ ഏകദേശം 80 പരിഷ്കാരങ്ങൾ നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൃത്യമായി നൽകുന്നുണ്ടെന്നും അതിനാൽ ഏത് വെല്ലുവിളിയും നേരിടാൻ ജീവനക്കാർ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇപ്പോൾ നിരത്തിലോടുന്നത് വൃത്തിയുള്ള ബസുകളാണെന്നും യാത്രക്കാർക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ ‘കെഎൽ 15’ എന്ന പേരിൽ കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് ബസുകളിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പദ്ധതിയും മികച്ച വിജയമാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 2 കോടി 38 ലക്ഷം രൂപ ലാഭവും ലഭിച്ചു. സംസ്ഥാനത്താകെ 31 ഡ്രൈവിംഗ് സ്കൂളുകൾ സ്ഥാപിക്കാനാണ് വകുപ്പ് പദ്ധതിയിടുന്നതെന്നും ഇതിൽ 24-ാമത്തെ ഡ്രൈവിംഗ് സ്കൂൾ അടുത്തിടെ ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തു എന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ സേവനങ്ങളിലും വലിയ മുന്നേറ്റമാണ് വകുപ്പ് കൈവരിച്ചിരിക്കുന്നത്, രാവിലെ ലൈസൻസ് ടെസ്റ്റ് പാസായാൽ ഉച്ചയോടെ ലൈസൻസ് കൈവശം ലഭിക്കും. ഇന്ത്യയിൽ ഡിജിറ്റൽ ലൈസൻസ് നൽകുന്ന ആകെ രണ്ട് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.
ചെങ്ങന്നൂർ സ്റ്റേഡിയം സമ്പൂർണ്ണമാകുന്നതോടെ രാജ്യാന്തര മത്സരങ്ങൾ ചെങ്ങന്നൂരിൽ സംഘടിപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമാനതകളില്ലാത്ത വികസനമാണ് ചെങ്ങന്നൂർ മണ്ഡലത്തിൽ നടക്കുന്നതെന്നും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റോഡുകൾ തുടങ്ങി എല്ലാ മേഖലയിലും വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വഴി കേരളത്തിലെ ഒന്നാം നിര മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ചെങ്ങന്നൂരിനെ ഉയർത്താൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ റംല ബീവി റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ഡോ പി എസ് പ്രമോദ് ശങ്കർ, കെ എസ് സി എം എം സി ചെയർമാൻ എം എച്ച് റഷീദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി, വൈസ് പ്രസിഡന്റ് ജി വിവേക്, കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ പി എം ഷറഫ് മുഹമ്മദ്,
കൗൺസിലർമാരായ പി കെ അനിൽകുമാർ, റെജി കാഞ്ഞിക്കൽ, പി വിജയകുമാരി, ചെങ്ങന്നൂർ കെഎസ്ആർടിസി ഡിഡിഒ കെ കെ സുരേഷ് കുമാർ, മറ്റ് ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
