Home » Blog » kerala Max » ​ചൂട് കടുക്കുന്നു: വീടിനുള്ളിലും സുരക്ഷിതരല്ല! ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം; കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
heat-1

സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. അന്തരീക്ഷ താപനില ഉയരുന്നതിനൊപ്പം അൾട്രാവയലറ്റ് സൂചികയും വർധിക്കുന്നതിനാൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി നിർദേശിച്ചു. തുടർച്ചയായി വെയിലേൽക്കുന്നത് സൂര്യാഘാതത്തിനും സൂര്യാതപത്തിനും കാരണമായേക്കാം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗബാധിതർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാം പ്രത്യേക ‘ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ’ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി ഹീറ്റ് ഹെൽത്ത് ആക്ഷൻ പ്ലാൻ ആവിഷ്കരിച്ചതായും മരുന്നുകളും കൂളിംഗ് സംവിധാനങ്ങളും ഉറപ്പുവരുത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മരോഗങ്ങൾക്കും നേത്രസംബന്ധമായ പ്രശ്നങ്ങൾക്കും കോശങ്ങളുടെ ഡിഎൻഎ നശിപ്പിച്ച് കാൻസറിനും വരെ കാരണമായേക്കാം എന്നതിനാൽ പ്രതിരോധ നടപടികൾ അനിവാര്യമാണ്.

ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് ശീലമാക്കണം. വീടിനുള്ളിൽ ഇരിക്കുന്നവർക്കും നിർജലീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. എന്നാൽ അമിതമായി മധുരം ചേർത്ത പാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കണം. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദ്ദേശമുണ്ട്.

ശരീരത്തിൽ പൊള്ളൽ, കടുത്ത ക്ഷീണം, തലകറക്കം, ബോധക്ഷയം, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തണലിലേക്ക് മാറി വിശ്രമിക്കുകയും ചികിത്സ തേടുകയും വേണം. വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തിയിട്ട് പോകുന്നത് ഒഴിവാക്കണം. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധമാണെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.