കാസർകോട് ജീവനൊടുക്കിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. മന്നിപ്പാടി സ്വദേശിയായ സന്തോഷ് (29) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രേഷ്മയും സന്തോഷും ഒരു വർഷത്തിലേറെയായി ഒരുമിച്ചായിരുന്നു താമസം. യുവതിയുടെ വിയോഗത്തെത്തുടർന്ന് സന്തോഷ് വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
രേഷ്മയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും അത് ആത്മഹത്യയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മരണവുമായി ബന്ധപ്പെട്ട് പോലീസ് സന്തോഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ആദൂർ ആലംതടുക്ക സ്വദേശിയായ രേഷ്മയെ അഞ്ചുവർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതാണ്. സുഹൃത്തിനൊപ്പം സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നില്ലെന്നുമാണ് സുഹൃത്തുക്കളും കുടുംബവും പോലീസിന് നൽകിയ മൊഴി. യുവാവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
