ചാലക്കുടി നഗരസഭയിലെ സ്വതന്ത്ര കൗൺസിലർ ടി.ഡി. എലിസബത്ത് യു.ഡി.എഫിൽ ചേർന്നതായി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. 20-ാം വാർഡായ ഹൗസിംഗ് ബോർഡ് കോളനിയെയാണ് എലിസബത്ത് പ്രതിനിധാനം ചെയ്തിരുന്നത്. ഇതോടെ 36 അംഗ കൗൺസിലിൽ യു.ഡി.എഫ്. അംഗസംഖ്യ 29 ആയി ഉയർന്നു. നേരത്തെ സ്വതന്ത്രയായി വിജയിച്ച റോസി ലാസർ, ബിജെപി സ്വതന്ത്രന് വത്സന് ചമ്പക്കര എന്നിവരും കോൺഗ്രസിൽ ചേർന്നിരുന്നു.
അതേസമയം ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് അംഗവും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു കിളിയമ്മൻതറയിൽ കോൺഗ്രസ് അംഗത്വം രാജിവച്ചു. ഡി.സി.സി. പ്രസിഡൻ്റ് ബാബു പ്രസാദിന് രാജിക്കത്ത് കൈമാറിയ ശേഷമാണ് ഷിബു രാജി പ്രഖ്യാപിച്ചത്. ചെന്നിത്തലയിലെ കോൺഗ്രസ് നേതൃത്വം വഞ്ചിച്ചെന്നും കരാർ പ്രകാരമുള്ള വൈസ് പ്രസിഡൻ്റ് സ്ഥാനം നൽകിയില്ലെന്നും ആരോപിച്ചാണ് രാജി.
