Home » Blog » Kerala » ചലച്ചിത്ര പ്രവർത്തക നൽകിയ ലൈംഗികാതിക്രമ കേസ്; പി.ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു!
kunju-680x450

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതി നിർദ്ദേശപ്രകാരം ജാമ്യത്തിൽ വിടുകയായിരുന്നു. നേരത്തെ കേസിൽ പി.ടി. കുഞ്ഞുമുഹമ്മദിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ചോദ്യം ചെയ്യലിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ കുഞ്ഞുമുഹമ്മദ് പൂർണ്ണമായും നിഷേധിച്ചു. എന്നാൽ, പരാതിയിൽ പറയുന്ന സമയത്ത് ഇരുവരും തിരുവനന്തപുരത്തെ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഐ.എഫ്.എഫ്.കെ സ്ക്രീനിംഗുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചു എന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി.

പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നതുവരെ പോലീസ് കുഞ്ഞുമുഹമ്മദിനെ ചോദ്യം ചെയ്തിരുന്നില്ല. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അന്വേഷണം നടക്കുമെന്നാണ് സൂചന.