Home » Blog » Top News » ചര്‍മ്മമുഴ-കുളമ്പ് രോഗങ്ങള്‍ തുടച്ചുനീക്കാന്‍ മൃഗസംരക്ഷണ വകുപ്പ്
images - 2025-12-17T185828.518

കന്നുകാലികളില്‍ അതിമാരകമായി ബാധിക്കുന്നതും ചികിത്സ ഇല്ലാത്തതുമായ ചര്‍മ്മമുഴ – കുളമ്പുരോഗ വൈറസ് രോഗങ്ങള്‍ക്കെതിരെ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഡിസംബര്‍ 17 മുതല്‍ 30 ദിവസത്തേയ്ക്ക് കുത്തിവയ്പ്പ് യജ്ഞം നടത്തുന്നു. വാക്‌സിനേഷന്റെ ഔദ്യോഗിക ഉദ്ഘാടനം 18 ന് (വ്യാഴാഴ്ച) രാവിലെ 9 മണിക്ക് പി.ജെ ജോസഫ് എം.എല്‍.എയുടെ ഫാമില്‍ വെച്ച് അദ്ദേഹം നിര്‍വഹിക്കും.

പ്രതിരോധ കുത്തിവയ്പ്പിലൂടെ മാത്രമേ ചര്‍മ്മമുഴ- കുളമ്പ് രോഗങ്ങളെ തടയാന്‍ സാധിക്കൂ. കുളമ്പുരോഗത്തിനെതിരെ ആറുമാസത്തില്‍ ഒരിക്കലും, ചര്‍മ്മമുഴ രോഗത്തിനെതിരെ വര്‍ഷത്തിലൊരിക്കലും ആണ് കുത്തിവയ്പ്പ് നടത്തുന്നത്. നാലുമാസത്തിന് മുകളില്‍ പ്രായമുള്ള കന്നുകാലികള്‍ക്കാണ് കുത്തിവയ്പ്പ് നല്‍കുക. ആറുമാസത്തിനു മുകളില്‍ ഗര്‍ഭം ഉള്ളവയെയും രോഗമുള്ള ഉരുക്കളെയും, കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കുത്തിവയ്പ്പ് നല്‍കിയവയെയും ഒഴിവാക്കും. ഇത്തവണ 95 ശതമാനത്തിനു മുകളില്‍ വാക്‌സിനേഷന്‍ നല്‍കാനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. ചര്‍മ്മമുഴ രോഗത്തിനുള്ള പ്രതിരോധ കുത്തിവയ്പ്പ് ഗര്‍ഭാവസ്ഥയുടെ ഏതുഘട്ടത്തിലുമുള്ള മൃഗങ്ങള്‍ക്ക് നല്‍കാം. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് പശു, കാള, എരുമ, പോത്ത് എന്നീ വര്‍ഗങ്ങള്‍ക്കും, ചര്‍മ്മമുഴ പ്രതിരോധ കുത്തിവയ്പ്പ് പശു,കാള വര്‍ഗങ്ങള്‍ക്ക് മാത്രവുമാണ് നല്‍കുന്നത്. ജില്ലയില്‍ പലയിടത്തും രോഗലക്ഷണങ്ങള്‍ കാണപ്പെട്ട സാഹചര്യത്തില്‍ കന്നുകാലി സമ്പത്തിനെ സംരക്ഷിക്കുന്നതിനായി മുഴുവന്‍ കര്‍ഷകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസ് അറിയിച്ചു. കുത്തിവയ്പ്പ് നിയമം മൂലം നിര്‍ബന്ധമാണ്. ജില്ലയില്‍ 106 സ്‌ക്വാഡുകളായി മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ കര്‍ഷക ഭവനങ്ങളും ഫാമുകളും സന്ദര്‍ശിച്ച് ലക്ഷ്യം പൂര്‍ത്തീകരിക്കും.