നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും സാമ്പത്തിക ദുരുപയോഗവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ഇക്കാര്യം അധികാരികളുടെ മുന്നിലെത്തിക്കാനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി-വിജില്‍ മൊബൈല്‍ ആപ്പ്.
പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട ഫോട്ടോകളും രണ്ട് മിനിറ്റില്‍ കവിയാത്ത വീഡിയോകളും പൊതുജനങ്ങള്‍ക്ക് തത്സമയം പകര്‍ത്തി ഈ ആപ് വഴി അധികൃതര്‍ക്ക് അയക്കാം. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ഈ ആപ് പ്രവര്‍ത്തിപ്പിക്കാന്‍ വേഗതയേറിയ ഇന്റര്‍നെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള സ്മാര്‍ട്ട് ഫോണുകള്‍ ആവശ്യമാണ്.
ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് ആപ് മുഖേന ലഭിക്കുന്ന പരാതികള്‍ ഉടനടി ബന്ധപ്പെട്ട ഫീല്‍ഡ് യൂനിറ്റുകള്‍ക്ക് കൈമാറി 100 മിനിറ്റിനുള്ളില്‍ പരിഹാരം കാണുന്ന വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ഈ ആപ് പൊതുജനങ്ങളെ ജില്ലാ കണ്‍ട്രോള്‍ റൂം, റിട്ടേണിംഗ് ഓഫീസര്‍, ഫ്ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരുമായി നേരിട്ട് ബന്ധിപ്പിക്കുന്നു.
പരാതി നല്‍കുമ്പോള്‍ ലഭിക്കുന്ന ഐ.ഡി ഉപയോഗിച്ച് പരാതിയുടെ നിലവിലെ സ്ഥിതി അറിയാനുള്ള സൗകര്യവും ആപ്പിലുണ്ട്. പരാതിക്കാരന് തന്റെ പേര് വെളിപ്പെടുത്താതെ തന്നെ പരാതി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍
cvigil.eci.gov.in, ecinet.eci.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
