Home » Blog » Kerala » ‘ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾ അടച്ച് പൂട്ടണം, ഹോർമുസ് നിയന്ത്രണം ഞങ്ങൾക്ക് മാത്രം‘; യുഎസിന് മുന്നിൽ ശക്തമായ നിലപാടുമായി ഇറാൻ
12

ടെഹ്‌റാൻ: വെടിനിർത്തൽ നടപ്പാക്കാൻ യുഎസിന് മുന്നിൽ കർശന നിബന്ധനകൾ വെച്ച് ഇറാൻ. ഗൾഫ് മേഖലയിലുള്ള എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും പൂർണ്ണമായും അടച്ചുപൂട്ടുക എന്നതാണ് ഇതിൽ പ്രധാനം. ഇറാൻ ഭീഷണിയായി കാണുന്നതാണ് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ. യുദ്ധം അവസാനിപ്പിക്കാനായി 15 ഇന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച യുഎസിന്റെ നടപടിയോടുള്ള പ്രതികരണമായാണ് ഇറാൻ ചർച്ചാ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നും ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കാനുമുള്ള അധികാരം നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോർമുസിന്റെ പൂർണ നിയന്ത്രണം വേണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നത്.

ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുക, ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാൻ മുന്നോട്ടുവെച്ച മറ്റ് നിർദേശങ്ങൾ. ഇതിനോട് യുഎസ് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഹോർമുസിന്റെ നിയന്ത്രണം ഇറാന് വിട്ടുകൊടുത്തുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്ക് യുഎസ് തയ്യാറായേക്കില്ലെന്നാണ് വിവരം.