ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ബി. ഗോപാലകൃഷ്ണൻ നടത്തിയ വർഗീയ പരാമർശത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. തൃശൂർ ജില്ലാ കളക്ടറോടാണ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ ടീം ശേഖരിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പരാതി ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചു. ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നിയമപ്രകാരമുള്ള കർശന നടപടി സ്വീകരിക്കും. പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം നൽകിയ നിർദ്ദേശങ്ങൾ എല്ലാ പാർട്ടികളും പാലിക്കാൻ ബാധ്യസ്ഥരാണെന്ന് രത്തന്‍ യു ഖേല്‍ക്കര്‍ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് ബി. ഗോപാലകൃഷ്ണൻ വിവാദ പരാമർശങ്ങൾ നടത്തിയത്. ഗുരുവായൂരിൽ 48 ശതമാനം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്നും, ഇടത്-വലത് മുന്നണികൾ ഹിന്ദുക്കളെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ആരോപണം. “അമ്പലം കൊള്ളക്കാരുടെ തടവറയിൽ നിന്ന് ഗുരുവായൂരിനെ മോചിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്” എന്ന പരാമർശവും വലിയ പ്രതിഷേധത്തിന് കാരണമായി.
ബി. ഗോപാലകൃഷ്ണനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. എൽഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി സി. സുമേഷും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
