കേരളപ്പിറവി ദിനമായ ഇന്നുമതൽ ( 2025 നവംബർ 1) വിവിധ മേഖലകളിലായി പ്രാബല്യത്തിൽ വരുന്നത് പുതിയ മാറ്റങ്ങൾ. ബാങ്ക് നോമിനി, ആധാർ പുതുക്കൽ, ജിഎസ്ടി സംവിധാനം തുടങ്ങി നിരവധി മേഖലകളിലാണ് മാറ്റങ്ങൾ നടപ്പിലാകുന്നത്. പുതുക്കിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് നാല് നോമിനികളെവരെ ചേർക്കാം: നവംബർ ഒന്ന് മുതൽ ബാങ്ക് നിക്ഷേപങ്ങൾക്കും ലോക്കറുകൾക്കും നോമിനികളുടെ എണ്ണം നാലു വരെയാകാം. അതേസമയം, അക്കൗണ്ട് തുറക്കുമ്പോൾ നോമിനിയെ വെക്കാൻ താൽപര്യമില്ലെങ്കിൽ ഇക്കാര്യം ബാങ്കുകൾ എഴുതി വാങ്ങിക്കണം.
കുട്ടികളുടെ ആധാറിൽ ബയോമെട്രിക് വിവരങ്ങളുടെ നിർബന്ധിത പുതുക്കലിന് 125 രൂപ ഫീസ് ഒഴിവാക്കി. മുതിർന്നവരുടെ ഫീസ് ഇപ്രകാരം: പേര്, ജനനതീയതി, വിലാസം, മൊബൈൽ നമ്പർ എന്നിവ പുതുക്കുന്നതിന് 75 രൂപ. വിരലടയാളം, കൃഷ്ണമണി സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിന് 125 രൂപ.
വിലാസം, ജനനതീയതി, മൊബൈൽ നമ്പർ, ആധാർ കാർഡിലെ പേര് എന്നിവ അനുബന്ധ രേഖകൾ സമർപ്പിക്കാതെതന്നെ ഓൺലൈനിൽ പുതുക്കാം
വിരമിച്ച കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ നവംബർ അവസാനത്തോടെ ബാങ്ക് ശാഖയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
നാഷനൽ പെൻഷൻ സ്കീമിൽനിന്ന് യു.പി.എസിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ നവംബർ അവസാനത്തോടെ ചെയ്യണം
ലോക്കർ ചാർജ് കുറക്കുമെന്ന് പഞ്ചാബ് നാഷനൽ ബാങ്ക്
മൂന്നാംകക്ഷി ആപ്പുകൾ മുഖേന നടത്തുന്ന വിദ്യാഭ്യാസ സംബന്ധമായ ഇടപാടുകൾക്ക് ഒരു ശതമാനം ഫീസ് ചുമത്തുമെന്ന് എസ്.ബി.ഐ കാർഡ്.
കേരളത്തിൽ വർധിപ്പിച്ച ക്ഷേമ പെൻഷൻ (2000 രൂപ) നവംബർ മുതൽ.
ജി.എസ്.ടി സംവിധാനത്തിലും കാര്യമായ മാറ്റങ്ങൾ നവംബറിൽ പ്രാബല്ല്യത്തിൽ വരും. ഒന്നുമുതൽ ബിസിനസുകൾക്ക് കൂടുതൽ ലളിതമായ രീതിയിലുള്ള രജിസ്‌ട്രേഷൻ പ്രക്രിയ നിലവിൽ വരും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രണ്ട് സ്ലാബുകളിലേക്കുള്ള മാറ്റം നവംബറോടെ പൂർണമായും നടപ്പിലാവും. അഞ്ച് ശതമാനവും 18 ശതമാനവും എന്ന നിലയിലേക്കാണ് നികുതി സ്ലാബുകൾ മാറുന്നത്. ആഡംബര വസ്തുകൾ, പുകയില, മദ്യം തുടങ്ങിയവക്ക് 40 ശതമാനം നിരക്ക് ബാധകമാകും.
