ഗാസയിലെ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹമാസ് വെടിവെപ്പിന് പിന്നാലെ ഗാസയിൽ ശക്തമായ വ്യോമാക്രമണം നടത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. ഇതിനു പിന്നാലെ ഇസ്രയേൽ സൈന്യം ബുധനാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു.
തെക്കൻ ഗാസയിൽ ഇസ്രയേൽ സേനയ്ക്കെതിരെ ഹമാസ് വെടിയുതിർത്തെന്ന ആരോപണമാണ് പ്രത്യാക്രമണത്തിന് കാരണമെന്നാണ് ഇസ്രയേൽ വൃത്തങ്ങൾ പറയുന്നത്. എന്നാൽ, വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണമാരംഭിച്ചതായി ഹമാസ് തിരിച്ചടിച്ചു. ബന്ദിയുടെ മൃതദേഹം കൈമാറുന്നതിൽ ഇസ്രയേൽ സൃഷ്ടിച്ച ഭീഷണി കാരണം താമസം സംഭവിക്കുമെന്നും ഹമാസ് വ്യക്തമാക്കി.
ഹമാസ് തിരികെ നൽകിയ ശരീരഭാഗങ്ങൾ ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ഒരു ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്ന് നെതന്യാഹു ആരോപിക്കുന്നു. ഇത് യുഎസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് കൈവശം സൂക്ഷിച്ചിരിക്കുന്ന 13 മൃതദേഹങ്ങൾ കൂടി ഇനിയും കൈമാറാനുണ്ടെന്ന് ഇസ്രയേൽ സ്രോതസുകൾ അറിയിച്ചു.
നെതന്യാഹു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം വിളിച്ച് തിരിച്ചടിയുടെ സ്വഭാവം തീരുമാനിക്കാനിരിക്കുകയാണ്. ഗാസയിലേക്കുള്ള മാനുഷിക സഹായം നിർത്തലാക്കൽ, അതിർത്തികളിലെ സൈനിക നിയന്ത്രണം ശക്തമാക്കൽ, ഹമാസ് നേതാക്കൾക്കെതിരായ ലക്ഷ്യബദ്ധമായ വ്യോമാക്രമണങ്ങൾ തുടങ്ങി നിരവധി മാർഗങ്ങൾ ഇസ്രയേൽ പരിഗണനയിൽ ഉൾപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിലെ സമാധാന ശ്രമങ്ങൾ വൻ വെല്ലുവിളി നേരിടുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
