ഉത്തർപ്രദേശ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. ഗാസയിലെ വിഷയങ്ങളിൽ മെഴുകുതിരി മാർച്ചുകൾ നടത്തുന്നവർ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ നിശബ്ദത പാലിക്കുന്നത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ ദീപുചന്ദ്ര ദാസ് എന്ന ദളിത് യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിപക്ഷം പ്രതികരിക്കാത്തത് ദളിത് സ്നേഹം വെറും കാപട്യമാണെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശവിരുദ്ധ ശക്തികൾക്കെതിരെ തന്റെ സർക്കാർ സ്വീകരിക്കുന്ന ‘ബുൾഡോസർ’ നയം തുടരുമെന്ന് യോഗി ആദിത്യനാഥ് കർശന മുന്നറിയിപ്പ് നൽകി. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി
ബംഗ്ലാദേശിലെ സാഹചര്യം
ഇങ്ക്വിലാബ് മഞ്ച് നേതാവ് ഷെരീഫ് ഉസ്മാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും സംഘർഷം പടരുകയാണ്. ഇതിനിടെ മതനിന്ദ ആരോപിച്ച് ദീപുചന്ദ്ര ദാസ് എന്നയാളെ ആൾക്കൂട്ടം തല്ലിക്കൊന്നതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. ഈ വിഷയത്തിൽ ഇന്ത്യൻ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടിനെയാണ് യോഗി ആദിത്യനാഥ് ചോദ്യം ചെയ്തത്.
