Home » Blog » kerala Max » ഗതാഗത നിയമലംഘനങ്ങളുടെ കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; ആനുകൂല്യം ഏപ്രിൽ 30 വരെ
mvd

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുക 50 ശതമാനം ഇളവോടെ അടച്ചുതീർക്കാനുള്ള ആംനസ്റ്റി പദ്ധതി ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-ന് മുൻപ് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയ ചെലാനുകൾക്കാണ് ഈ ഇളവ് ബാധകം. ഭീമമായ പിഴത്തുക കാരണം കുടിശ്ശിക അടച്ചുതീർക്കാൻ മടിക്കുന്നവർക്ക് വലിയ ആശ്വാസമാണ് സർക്കാർ പ്രഖ്യാപിച്ച ഈ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. അഞ്ചുവർഷത്തിനിടെ ചുമത്തിയ 14 ലക്ഷം ഇ-ചെലാനുകളിൽ ഭൂരിഭാഗവും കോടതി നടപടികളിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. താല്പര്യമുള്ള വാഹന ഉടമകൾക്ക് https://services.mvd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകി പിഴ അടക്കാവുന്നതാണ്.

ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് കൈമാറിയ 11 ലക്ഷത്തോളം കേസുകളിലാണ് പിഴ പകുതിയായി കുറയ്ക്കാൻ സൗകര്യമൊരുങ്ങുന്നത്. എന്നാൽ കോടതി നേരിട്ട് പിഴ നിശ്ചയിച്ച കേസുകളിൽ ഈ ആനുകൂല്യം ലഭിക്കില്ല. കുടിശ്ശികയുള്ള കേസുകൾ കോടതികളിൽ നിന്ന് തിരിച്ചുവിളിച്ച് തീർപ്പാക്കാൻ പിഴ ചുമത്തിയ ഉദ്യോഗസ്ഥർക്ക് സർക്കാർ പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോലീസും മോട്ടോർ വാഹന വകുപ്പും ഉടൻ തന്നെ പിഴ തീർപ്പാക്കൽ അദാലത്തുകൾ സംഘടിപ്പിക്കും. ഏപ്രിൽ 30-നകം ഈ അവസരം പ്രയോജനപ്പെടുത്തിയില്ലെങ്കിൽ വാഹന ഉടമകൾ മുഴുവൻ തുകയും പിഴയായി അടയ്‌ക്കേണ്ടി വരുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.