Home » Blog » kerala Max » കൗൺസിലറുടെ ‘പ്ലാസ്റ്റർ’ വിവാദത്തിൽ; ആശുപത്രിയിലെത്തും മുൻപുള്ള വീഡിയോ പങ്കുവെച്ച് വി. ജോയ്
v-joy

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗിരികുമാറിന്റെ വീഡിയോയുമായി വി ജോയ് എംഎല്‍എ. വാര്‍ഡ് കൗണ്‍സിലര്‍ ഗിരികുമാറിന്റെ വീഡിയോയാണ് വി ജോയ് പങ്കുവെച്ചത്. ‘ആശാന്റെ കാല് തല്ലിയൊടിച്ചു. ഡെപ്യൂട്ടി മേയറെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വാര്‍ഡ് കൗണ്‍സിലര്‍ ഗിരികുമാര്‍. ആശുപത്രിയില്‍ എത്തിയതിനു ശേഷം ഗിരികുമാര്‍. എന്തൊരു പ്രഹസനമാണ് ഗിരി’ എന്ന പരിഹാസ ക്യാപ്ഷനോടെയായിരുന്നു വീഡിയോ ഷെയര്‍ ചെയ്തത്.

വീഡിയോയില്‍ സ്റ്റെപ്പ് ഇറങ്ങി വരുന്ന ഗിരികുമാറിനെ കാണാം. സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഡെപ്യൂട്ടി മേയറെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി മറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം ഇറങ്ങിയതായിരുന്നു ഗിരികുമാര്‍. ഇതിന് ശേഷം കാണിക്കുന്ന വീഡിയോയില്‍ ആശുപത്രിയില്‍ ഇരിക്കുന്ന ഗിരികുമാറിനെ കാണാം. ഈ വീഡിയോയില്‍ ഗിരികുമാറിന്റെ കാലില്‍ പ്ലാസ്റ്റര്‍ ഇട്ട നിലയില്‍ കാണാം. കൈയില്‍ ബാന്‍ഡേജ് കെട്ടിയിരിക്കുന്നതും കാണാം.

നേരത്തേ കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ പതിനാറ് പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ട നിലയില്‍ വി വി രാജേഷിന്റെ ഒരു ചിത്രം പുറത്തുവന്നിരുന്നു. മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരടക്കം ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നായിരുന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞത്. ആസൂത്രിത ആക്രമണമാണ് നടന്നതെന്നും മേയറുടെ കാലിനും ആശാനാഥിന്റെ തലക്കും പരിക്കേറ്റതായും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പത്തൊമ്പത് ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിനെ തുടര്‍ന്ന് എല്‍ഡിഎഫ് മേയറുടെ ഓഫീസിന് മുന്നില്‍ ഉപരോധ സമരം നടത്തിയിരുന്നു മേയറെ ഓഫീസില്‍ കയറ്റാന്‍ അനുവദിക്കാതെയായിരുന്നു എല്‍ഡിഎഫിന്റെ പ്രതിഷേധം. സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിരുന്നു.

കൗണ്‍സിലര്‍മാരുടെ ആദ്യ സത്യപ്രതിജ്ഞ ഹൈക്കോടതി മരവിച്ചിരുന്നു. ഇതിന് പിന്നാലെ ആര്‍ സുഗതന്‍ ഒഴികെയുള്ള 19 ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. കാപ്പ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്ന സുഗതന്റെ സത്യപ്രതിജ്ഞ നടത്താതിരുന്നതില്‍ എല്‍ഡിഎഫ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് നിയമവിരുദ്ധമാണെന്നും സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും കാണിച്ച് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ എല്‍ഡിഎഫ് പ്രതിഷേധം നടത്തി വരികയായിരുന്നു.