ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഭക്ഷ്യമേളയൊരുക്കി കുടുംബശ്രീ. കോഴിക്കോട് ബീച്ചിലെ ലയണ്‍സ് പാര്‍ക്കിന് സമീപമാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മേളയൊരുക്കിയത്. മത്തന്‍, ഇളവന്‍, ചുരങ്ങ, കാരറ്റ്, പടവലം തുടങ്ങിയ അഞ്ച് പച്ചക്കറികള്‍ ഉപയോഗിച്ചുള്ള പഞ്ചരത്‌ന പായസം, പപ്പായ-കാരറ്റ് പായസം, ചിക്കന്‍ ഫ്രൈഡ് മോമോസ്, കൊട്ട ഷവര്‍മ, കോഴിക്കോടന്‍ പലഹാരങ്ങള്‍, രുചിയൂറും കപ്പ വിഭവങ്ങള്‍, വിവിധയിനം ജ്യൂസുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.
കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ ഉല്‍പന്നങ്ങളുടെയും വസ്ത്രങ്ങളുടെയും കേക്കുകളുടെയും വിപണന സ്റ്റാളുകളും മേളയുടെ ഭാഗമായുണ്ട്. രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. മേള ഡിസംബര്‍ 21ന് അവസാനിക്കും.
