ക്രിസ്മസ് ആഘോഷങ്ങൾക്കുമുമ്പായി ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ തീവ്രഹിന്ദുത്വ പ്രവർത്തകരുടെ അക്രമം തുടരുന്നു. ഉത്തർപ്രദേശിലെ ബറേലിയിൽ ക്രിസ്ത്യൻ പള്ളിക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലി തീവ്രഹിന്ദുത്വ സംഘം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചു. പൊലീസ് സേനയുടെ സാന്നിധ്യത്തിലായിരുന്നു സംഭവം നടന്നത്. ബറേലി കന്റോൺമെന്റ് ഏരിയയിലെ പ്രശസ്ത പള്ളിക്കു മുന്നിലായിരുന്നു ഇരുപതിലേറെ പേരടങ്ങുന്ന സംഘം ഹനുമാൻ ചാലിസ ചൊല്ലിയത്.
അതേസമയം ഛത്തീസ്ഗഡിലെ ഒരു ഷോപ്പിംഗ് മാളിൽ ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസിന്റെ രൂപങ്ങളും തീവ്രഹിന്ദുത്വ സംഘടനയായ സർവ ഹിന്ദു സമാജ് പ്രവർത്തകർ അടിച്ചു തകർത്തു. കമ്പും വടിയുമായി എത്തിയ നൂറോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മാളിലെ സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡിസംബർ 24നാണ് സംഭവം നടന്നത്. സർവ ഹിന്ദു സമാജ് പ്രഖ്യാപിച്ച ഛത്തീസ്ഗഡ് ബന്ദ് പുരോഗമിക്കുന്നതിനിടെയാണ് മാളിൽ അക്രമം അഴിച്ചുവിട്ടത്. ക്രൈസ്തവ മിഷനറിമാർ നിർബന്ധിത മതപരിവർത്തനം നടത്തുന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് ഹിന്ദുത്വ സംഘടന ആരോപിച്ചത്. ഇത് ബന്ദ് പ്രഖ്യാപനത്തിന് കാരണമായി. ഡിസംബർ 18ന് കൻക്കെർ ജില്ലയിലെ ബഡെതെവ്ഡ ഗ്രാമത്തിൽ സർപഞ്ചായ രാജ്മാൻ സലാമിന്റെ മൃതദേഹം ക്രൈസ്തവ മതാചാരപ്രകാരം സംസ്കരിച്ചതാണ് സംഘർഷത്തിന് കാരണം.
ഒഡീഷയിലും രാജസ്ഥാനിലും സമാന ഭീഷണികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഡീഷയില്‍ സാന്താക്ലോസിന്റെ തൊപ്പിയും ക്രിസ്മസ് വസ്തുക്കളും വിൽക്കുന്ന വഴിയോര കച്ചവടക്കാരെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഡൽഹിയിലെ ലജ്പത് നഗർ മാർക്കറ്റിൽ സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചെത്തിയ സ്ത്രീകളെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി മടങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്തു. രാജസ്ഥാനിലെ വിദ്യഭ്യാസ വകുപ്പ് ഹിന്ദു-സിഖ് ഭൂരിപക്ഷ പ്രദേശങ്ങളിൽ കുട്ടികളെ സാന്താക്ലോസിന്റെ വസ്ത്രം ധരിക്കരുതെന്ന് നിർദ്ദേശവും നൽകിയിരുന്നു.
