Home » Blog » Kerala » ക്രിസ്ത്യൻ പുരോഹിതൻ സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിൽ പ്രവേശിച്ചതിൽ ആചാരലംഘനമില്ല; പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്താനാണ് നിയമങ്ങൾ ഉപയോഗിക്കേണ്ടത്, അല്ലാതെ സാമൂഹിക ഐക്യം തകർക്കാനല്ല : ഹൈക്കോടതി
7

പത്തനംതിട്ട: അടൂർ പാർത്ഥ സാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ച സംഭവം ആചാരലംഘനമല്ലെന്ന് ഹൈക്കോടതി നിരീക്ഷണം. ഓർത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിൽ പ്രവേശിച്ചതിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. തന്ത്രിയുടെ അനുമതിയോടെയുള്ള ക്ഷേത്രപ്രവേശനം ആചാരലംഘനമല്ല. ക്ഷേത്രത്തിലെ അതിഥിയായാണ് സഖറിയാസ് മാർ അപ്രേം എത്തിയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്. അതിനാൽ പ്രവേശനത്തെ ആചാരംഘനമായി കാണാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

‘അതിഥികളെ ബഹുമാനിക്കുക’ എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണ്. 1965ലെ നിയമത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കുന്നില്ല. ചില ചട്ടങ്ങളിൽ മാത്രമാണ് അഹിന്ദുക്കൾ പ്രവേശനമില്ലെന്ന് പറയുന്നത്. നിയമത്തിന് വിരുദ്ധമായി ചട്ടങ്ങൾ നിൽക്കരുതെന്നും നിയമങ്ങൾ സാമൂഹിക ഐക്യം തകർക്കാനുള്ളതാകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്താനാണ് നിയമങ്ങൾ ഉപയോഗിക്കേണ്ടത്. അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണോ എന്ന് സർക്കാരിന് പരിശോധിക്കാം. തന്ത്രിമാരുമായും ദേവസ്വം ബോർഡുമായും കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2023 സെപ്തംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി നടന്ന ശോഭായാത്ര ഉദ്ഘാടനം ചെയ്യാനെത്തിയതാണ് സഖറിയാസ് മാർ അപ്രേം. മാർ അപ്രേം ക്ഷേത്രത്തിൽ പ്രവേശിച്ചതിന് പിന്നാലെ ക്ഷേത്രോപദേശക കമ്മിറ്റിക്കെതിരെ സനൽ നമ്പൂതിരി എന്നയാൾ ഹൈക്കോതിയിൽ ഹർജി നൽകിയിരുന്നു. പ്രസ്തുത ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

/**for adding 05-02-2026*/