കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ബെംഗളൂരുവിൽ നടക്കും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാവിലെ ഒൻപത് മണിയോടെ ബോറിംഗ് ആശുപത്രിയിൽ നിന്ന് വിട്ടുനൽകിയ മൃതദേഹം കോറമംഗലയിലുള്ള സഹോദരൻ സി.ജെ. ബാബുവിന്റെ വസതിയിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനത്തിന് സൗകര്യമൊരുക്കിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
അതേസമയം, സി.ജെ. റോയിയുടെ മരണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് കാണിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി.ജെ. ജോസഫ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, കൊച്ചിയിൽ നിന്നെത്തി റെയ്ഡ് നടത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ മൂന്ന് ദിവസമായി ഓഫീസുകളിൽ റെയ്ഡ് നടന്നിരുന്നതായി സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബെംഗളൂരു സെൻട്രൽ ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സി.ജെ. റോയിയുടെ കുടുംബാംഗങ്ങളുടെയും കമ്പനി ജീവനക്കാരുടെയും മൊഴികൾ ഇന്ന് രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹം ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളും പോലീസ് വിശദമായി പരിശോധിക്കും. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിക്കുന്നതിന് മുൻപുള്ള അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകളും ആത്മഹത്യാക്കുറിപ്പ് ഉണ്ടോ എന്ന കാര്യവും പോലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്.
