മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി ഇന്ത്യൻ സ്പിൻ മാന്ത്രികൻ യുസ്‍വേന്ദ്ര ചഹൽ. താൻ കളിച്ചിട്ടുള്ള നായകന്മാരിൽ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റൻ സഞ്ജുവാണെന്ന് ഒരു അഭിമുഖത്തിൽ ചഹൽ വെളിപ്പെടുത്തി. വിരാട് കോഹ്‌ലിക്കും ശ്രേയസ് അയ്യർക്കും കീഴിൽ കളിച്ചിട്ടുള്ള താരം, സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവിനെക്കുറിച്ചും തന്നെ ഒരു ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റാക്കി മാറ്റിയതിനെക്കുറിച്ചും വാചാലനായി.
തന്റെ ബൗളിംഗ് കരിയറിലെ സുവർണ്ണ കാലഘട്ടമായിരുന്നു രാജസ്ഥാൻ റോയൽസിൽ സഞ്ജുവിനൊപ്പമുണ്ടായിരുന്നതെന്ന് ചഹൽ പറഞ്ഞു. പൊതുവെ സ്പിന്നർമാർക്ക് പന്ത് നൽകാൻ ക്യാപ്റ്റന്മാർ ഭയക്കുന്ന ഡെത്ത് ഓവറുകളിൽ പോലും സഞ്ജു തന്നെ വിശ്വസിച്ച് പന്തേൽപ്പിച്ചുവെന്നും ഈ വിശ്വാസമാണ് തന്നെ മികച്ചൊരു ബൗളറായി മാറ്റിയതെന്നും ചഹൽ കൂട്ടിച്ചേർത്തു
പന്തെറിയുന്ന സമയത്ത് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജു അനാവശ്യമായി ഇടപെടാറില്ലെന്നും ബൗളറുടെ മനസ്സിനൊത്ത് പന്തെറിയാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതാണ് അദ്ദേഹത്തിന്റെ ശൈലിയെന്നും ചഹൽ വ്യക്തമാക്കി. ഐപിഎല്ലിൽ 2022 മുതൽ 2024 വരെയുള്ള മൂന്ന് സീസണുകളിൽ സഞ്ജുവിന് കീഴിൽ രാജസ്ഥാനായി കളിച്ച ചഹൽ യഥാക്രമം 27, 21, 18 വിക്കറ്റുകൾ വീതം നേടി അമ്പരപ്പിച്ചിരുന്നു.
2025-ലെ മെഗാ ലേലത്തിൽ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിലെത്തിയ താരം 2026 സീസണിലും അവിടെത്തന്നെ തുടരും. സഞ്ജു സാംസണാകട്ടെ രാജസ്ഥാൻ വിട്ട് ചെന്നൈ സൂപ്പർ കിങ്‌സിലേക്കും മാറി. എന്നിരുന്നാലും, തന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ എന്നും സഞ്ജു തന്നെയായിരിക്കുമെന്ന് ചഹൽ അടിവരയിട്ടു പറയുന്നു.
