ശാസ്ത്രി റോഡിലെ ലോഡ്ജ് മുറിയിൽ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മര്യാത്തുരുത്ത് കൈതാരം ഹൗസിൽ ആസിയ തസനിം (19), പുതുപ്പള്ളി പനംതാനത്ത് ഹൗസിൽ നന്ദകുമാർ (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിയിട്ടും ഇരുവരെയും പുറത്തു കാണാതിരുന്നതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒന്നിച്ച് ജീവിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആസിയയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നേരത്തെ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
