കൊല്ലത്ത് പൊതുവിപണിയില്‍ സംയുക്തപരിശോധന

പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കല്‍ എന്നിവ കണ്ടെത്തുന്നതിന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശാനുസരണം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലായി പൊതുവിപണിയില്‍ സംയുക്ത പരിശോധന നടത്തി. വിലവിവര പട്ടികയുടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, ബില്ലുകള്‍ കൃത്യമായി നല്‍കുന്നത്, മൊത്ത-ചില്ലറ വ്യാപാരികളുടെ പര്‍ച്ചേസ് ബില്ലുകള്‍ തുടങ്ങിയവ സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധിച്ചു. ത്രാസുകള്‍ നിയമപ്രകാരം പതിച്ചതുസംബന്ധിച്ചും പായ്ക്കിംഗ് ലേബലുകള്‍, തൂക്കത്തില്‍ കുറവ് എന്നിവ ലീഗല്‍ മെട്രോളജി വകുപ്പാണ് വിലയിരുത്തിയത്. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, പഴം/പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലെ ശുചിത്വം എന്നിവയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് തിട്ടപ്പെടുത്തിയത്. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതടക്കമുള്ള അഞ്ച് കേസുകളും, എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് പുതുക്കാത്തതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.

അളവ്-തൂക്ക ഉപകരണങ്ങള്‍ യഥാസമയം സീല്‍ചെയ്ത് സൂക്ഷിക്കാത്തതിന് ലീഗല്‍ മെട്രോളജി വകുപ്പ് 2000 രൂപ പിഴ ഈടാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഒ ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസര്‍ വൈ.സാറാമ്മ, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആതിര സതീഷ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് ഉണ്ണിപ്പിള്ള, അസിസ്റ്റന്റ് ഡയറക്ടര്‍ അഗ്രിക്കള്‍ച്ചര്‍ ശ്രീവല്‍സ ശ്രീനിവാസ്, കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ഐ. അനില., എസ്.ശ്രീലത, എ.ഷാനവാസ് എന്നിവര്‍പങ്കെടുത്തു. ക്രമക്കേടുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

More From Author

Leave a Reply

Your email address will not be published. Required fields are marked *