150962f411f1632b166bb51ed26c5c5a4ad92c254c9c672272df78ebe4c1481a.0

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിൽ ഒന്നായ ‘അമരം’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്താൻ ഒരുങ്ങുമ്പോൾ, ചിത്രത്തിന്റെ നിർമ്മാണ വിശേഷങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് ബാബു തിരുവല്ലയും നടൻ അശോകനും രംഗത്ത്. നവംബർ 7-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ‘അമരം’ റീ-റിലീസ് ചെയ്യും.

‘അമരം’ സിനിമയുടെ കഥ എഴുതാൻ തിരക്കഥാകൃത്ത് ലോഹിതദാസിന് പ്രചോദനമായത് മെഗാസ്റ്റാർ മമ്മൂട്ടിയാണ് എന്ന് നിർമ്മാതാവ് ബാബു തിരുവല്ല വെളിപ്പെടുത്തി. “ലോഹിതദാസ് ഈ കഥ എഴുതാനുള്ള കാരണക്കാരൻ മമ്മൂട്ടിയാണ്. വേറെ ഒരാളായിരുന്നു കഥാപാത്രമായി ആദ്യം പ്ലാൻ ചെയ്തിരുന്നത്. പിന്നീട് അത് വേണ്ടെന്ന് വെച്ചു. ആ സമയത്താണ് ലോഹിതദാസ് ഈ കഥയെഴുതിയത്.”ബാബു തിരുവല്ല പറഞ്ഞു.

1991-ൽ പുറത്തിറങ്ങിയ ‘അമരം’ അന്നത്തെ കാലത്തെ ബിഗ് ബഡ്ജറ്റ് സിനിമകളെക്കാൾ ഇരട്ടി ചെലവിലാണ് പൂർത്തിയാക്കിയതെന്നും ബാബു തിരുവല്ല പറഞ്ഞു.”അക്കാലത്ത് 20 മുതൽ 50 ലക്ഷം രൂപ വരെ ഉണ്ടെങ്കിൽ ഒരു ബിഗ് ബഡ്ജറ്റ് സിനിമയെടുക്കാം. എന്നാൽ അതിനേക്കാൾ ഇരട്ടിയായിരുന്നു ‘അമര’ത്തിൻ്റെ ബജറ്റ്. കാരണം, കൊമ്പൻ സ്രാവിനെ പിടിക്കുന്ന സീനുകളെല്ലാം വേറെ ടെക്‌നിക്കുകൾ ഒന്നുമില്ലാതെ കടലിൽ പോയി എടുത്തതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അശോകനും ഓർമ്മകൾ പങ്കുവെച്ചു. “അമരം സിനിമ അത്രയും കളക്ഷൻ നേടുമെന്നോ എൻ്റെ കഥാപാത്രത്തിന് അത്രയും ഇമേജ് ഉണ്ടാകുമെന്നോ ഞാൻ അഭിനയിക്കുന്ന സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിലർ കമന്റുകൾ പറയാറുണ്ട്. ‘രാഘവാ.. ഒരു കൊമ്പനെ പിടിച്ചോണ്ട് വരുമോ’ എന്നൊക്കെ ചോദിക്കാറുണ്ട്,” അശോകൻ പറഞ്ഞു.

തിയേറ്ററിൽ ചരിത്രം കുറിച്ച ചിത്രം

മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില്‍ ഇമോഷണൽ ഡ്രാമയായി എത്തിയ ‘അമരം’ തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം നടത്തിയത്. മദ്രാസിലെ തിയേറ്ററുകളിലും 50 ദിവസത്തോളം ചിത്രം നിറഞ്ഞ സദസ്സുകളെ നേടി.

മധു അമ്പാട്ട് (ഛായാഗ്രഹണം), ജോൺസൺ (സംഗീതം), രവീന്ദ്രൻ (സംഗീത സംവിധാനം), വി.ടി. വിജയൻ (എഡിറ്റിംഗ്), ബി. ലെനിൻ തുടങ്ങിയ പിന്നണിപ്രവർത്തകർ ചിത്രത്തിനായി അണിനിരന്നിരുന്നു. സിനിമയിലെ ഗാനങ്ങളെല്ലാം ഇന്നും എവർഗ്രീൻ സോങ്‌സായി തുടരുന്നു. ‘ഭാർഗവി’യെ അവതരിപ്പിച്ചതിന് കെ.പി.എ.സി. ലളിതയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും മുരളിയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *