കേരളത്തിന്റെ ഐ ടി കയറ്റുമതി കുതിച്ചുയരുന്നത് സര്‍ക്കാരിന്റെ നൂതന സാങ്കേതികവിദ്യാ പ്രോത്സാഹനനയം കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുലമണ്‍ മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ കൊട്ടാരക്കര ഐ ടി പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരേക്കര്‍ ഭൂമിയില്‍ 80 കോടി രൂപ ചെലവില്‍ ഒന്നര ലക്ഷം ചതുരശ്രയടിയില്‍ എട്ട് നിലകളിലായി ഐ ടി പാര്‍ക്ക് നിര്‍മിക്കും. 1,200 ലധികം പേര്‍ക്ക് തൊഴിലെടുക്കാന്‍ അവസരമൊരുക്കുന്ന സംവിധാനം രവി നഗറിലെ കെ ഐ പി ഭൂമിയിലാണ് സ്ഥാപിക്കുന്നത്. ദേശീയപാത 66ന് സമാന്തരമായി നാല് ഐ ടി ഇടനാഴികള്‍, കൊല്ലത്തും കണ്ണൂരിലും ഐടി പാര്‍ക്ക് എന്നിവയ്ക്ക് ബജറ്റില്‍ 1,000 കോടി രൂപ നീക്കിവച്ചിരുന്നു.
നഴ്‌സിംഗ് കോളജ്, സംസ്ഥാനത്തെ ആദ്യ ഡ്രോണ്‍ പാര്‍ക്ക്, സയന്‍സ് മ്യൂസിയം- പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്‌സിറ്റി റീജ്യനല്‍ സെന്റര്‍ ഉള്‍പ്പെടെ കൊട്ടാരക്കര വികസനത്തിന്റെ പാതയിലാണ്. ഐ ടി വ്യവസായം വളരുന്നതിനുള്ള മേഖലയിലെ സാധ്യത തുടര്‍ന്നും ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 7,500 ആയി വര്‍ധിച്ചു. ദേശീയപാത, വിമാനത്താവളം, തുറമുഖം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികളെല്ലാം കേരളത്തിലെ ഐ ടി നിക്ഷേപകരുടെ വര്‍ധനവിന് ഘടകങ്ങളാണ്.
ഊര്‍ജലഭ്യത ഉറപ്പാക്കുന്ന പവര്‍ഹൈവേ, ട്രാന്‍സ്ഗ്രിഡ് പദ്ധതി, ഗെയ്ല്‍ പൈപ്പ്‌ലൈന്‍, കെ-ഫോണ്‍ തുടങ്ങിയ പദ്ധതികളുടെ ഗുണഫലങ്ങള്‍ കൊട്ടാരക്കരയിലും ദൃശ്യമാണ്. ഗതാഗത രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കുന്ന എം.സി റോഡ് ബൈപാസ് നിര്‍മാണത്തിന് 110 കോടി രൂപ അനുവദിച്ചു. വികസന പ്രവര്‍ത്തനങ്ങളെല്ലാം യാഥാര്‍ഥ്യമായതിന്റെ പിന്നില്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം ഓര്‍മിപ്പിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. 10 മാസത്തില്‍ ഐ ടി പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും. 15.50 കോടി രൂപയ്ക്ക് കൊട്ടാരക്കര നഗരസഭാ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ബൈപ്പാസിന്റെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി ആദ്യ ബാച്ചിന് പണം നല്‍കുന്ന നടപടികളിലേക്ക് നീങ്ങുകയാണ്. കൊട്ടാരക്കര കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. കരാര്‍ നടപടികള്‍ പൂര്‍ത്തിയായ കൊട്ടാരക്കര ഗണപതി ക്ഷേത്രം പില്‍ഗ്രിം സെന്റര്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും. കൊട്ടാരക്കര മാര്‍ക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി എഴുകോണ്‍, കരീപ്ര, വെളിയം ഭാഗങ്ങളില്‍ 32 കോടി രൂപയുടെ റോഡ് നിര്‍മാണം ആരംഭിച്ചു. കുളക്കട അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡ്രോണ്‍ നിര്‍മാണം, പരിശീലനം എന്നിവയ്ക്കുള്ള കോഴ്സ് ആരംഭിക്കും. നാടിന്റെ ഭാവിക്കായുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഐടി പാര്‍ക്ക് നിര്‍മിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലവും മന്ത്രി സന്ദര്‍ശിച്ചു.
കെ ഐ ഐ ഡി സി സിഇഒ എസ്.തിലകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലതാദേവി, വൈസ് പ്രസിഡന്റ് എസ്.ആര്‍ അരുണ്‍ ബാബു, കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍, വൈസ് ചെയര്‍പേഴ്സണ്‍ എ ഷാജു, നഗരസഭാ കൗണ്‍സിലര്‍ വി ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി.സരസ്വതി, അഡ്വ. വി.സുമലാല്‍, കെ.എസ് ഷിജു കുമാര്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ലക്ഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വിദ്യ, ദിവ്യ ചന്ദ്രശേഖര്‍, പി പ്രിയ, മനു ബിനോദ്, എസ്.രേഖ, കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാം, ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍, ഐടി ആന്‍ഡ് ഇലക്ട്രോണിക്സ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.
