കൊച്ചിയിൽ ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച, നടി ലക്ഷ്മി മേനോൻ ഉൾപ്പെടെ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്ക് പരാതിയില്ലെന്ന് യുവാവ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതി കേസ് തീർപ്പാക്കിയത്. ഈ വർഷം ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചിയിലെ ഒരു ബാറിൽ വെച്ചുണ്ടായ സംഘർഷമാണ് സംഭവങ്ങളുടെ തുടക്കം.
ഓഗസ്റ്റ് 24-ന് രാത്രി പബ്ബിൽ വെച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും അവരുടെ കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് നടന്ന സംഘർഷത്തിന് പിന്നാലെ, ലക്ഷ്മിയുടെ സുഹൃത്തുക്കളായ ഒരു സംഘം ഐ.ടി ജീവനക്കാരനെ വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയി മർദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസിൽ ലക്ഷ്മി മേനോൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, തട്ടിക്കൊണ്ടുപോയ യുവാവ് തന്നെ ഇപ്പോൾ പരാതിയില്ലെന്ന് അറിയിച്ചതോടെയാണ് നിയമനടപടികൾ അവസാനിച്ചത്.
