Home » Blog » kerala Max » ‘കേരള ക്രൈം ഫയൽസ്’, ‘1000 ബേബീസ്’ എന്നീ ഹിറ്റ് സീരീസുകളുടെ പുതിയ സീസണുകൾ പ്രഖ്യാപിച്ചു
Untitled-1-Recovered-1

ജിയോഹോട്ട്സ്റ്റാറിൻ്റെ ശ്രദ്ധേയമായ പരിപാടിയായ ‘ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട്’ ഇന്നലെ ചെന്നൈയിൽ വെച്ച് നടന്നു. ഹോട്ട്സ്റ്റാറിൽ ഇനി വരാനിരിക്കുന്ന സിനിമകൾ, സീരീസുകൾ, മറ്റ് ഷോകൾ എന്നിവയുടെ പ്രഖ്യാപനമാണ് ചടങ്ങിൽ പ്രധാനമായും നടന്നത്. മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന രണ്ട് പ്രധാന ഹിറ്റ് ക്രൈം സീരീസുകളുടെ അടുത്ത സീസണുകളെക്കുറിച്ചുള്ള പ്രഖ്യാപനം ഈ പരിപാടിയുടെ മുഖ്യ ആകർഷണമായി.

ഹോട്ട്സ്റ്റാറിൽ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ‘കേരള ക്രൈം ഫയൽസ്’, ‘1000 ബേബീസ്’ എന്നീ സീരീസുകളുടെ പുതിയ സീസണുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഹമ്മദ് കബീർ ഒരുക്കിയ ‘കേരള ക്രൈം ഫയൽസി’ൻ്റെ മൂന്നാമത്തെ സീസണും നജീം കോയ സംവിധാനം ചെയ്ത ‘1000 ബേബീസി’ൻ്റെ രണ്ടാമത്തെ സീസണുമാണ് ഇനി പ്രേക്ഷകരിലേക്ക് എത്താനുള്ളത്. ‘കേരള ക്രൈം ഫയൽസി’ൻ്റെ ആദ്യ രണ്ട് ഭാഗങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിൻ്റെ രണ്ടാം സീസണിൻ്റെ തിരക്കഥ ഒരുക്കിയത് ബാഹുൽ രമേശ് ആയിരുന്നു.

മികച്ച ക്രൈം ത്രില്ലർ സീരീസായി വിലയിരുത്തപ്പെട്ട ‘1000 ബേബീസി’ൽ റഹ്‌മാൻ, നീന ഗുപ്ത, സഞ്ജു ശിവറാം എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. നജീം കോയയും അറൂസ് ഇർഫാനും ചേർന്നാണ് ഇതിൻ്റെ തിരക്കഥ രചിച്ചത്. ഈ രണ്ട് പുതിയ സീസണുകളും എപ്പോഴാണ് സ്ട്രീമിംഗ് ആരംഭിക്കുക എന്നതിനെക്കുറിച്ച് ജിയോഹോട്ട്സ്റ്റാർ ഇപ്പോൾ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പുതിയ മലയാള സീരീസുകൾ കൂടാതെ, മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലെ നിരവധി പ്രൊജക്റ്റുകളും ചടങ്ങിൽ പ്രഖ്യാപിച്ചു. വിജയ് സേതുപതി നായകനാകുന്ന ‘കാട്ടാൻ’ ആണ് തമിഴിൽ പ്രഖ്യാപിച്ച പ്രധാന സീരീസ്. ‘കടൈസി വിവസായി’ എന്ന ഹിറ്റ് സിനിമ ഒരുക്കിയ മണികണ്ഠനാണ് ഈ സീരീസ് സംവിധാനം ചെയ്യുന്നത്.