Home » Blog » Top News » കേരളത്തെ ഇന്നത്തെ രീതിയിൽ നിലനിർത്തുന്നത് പ്രവാസികൾ*- *മന്ത്രി* *വി.അബ്ദുറഹ്മാൻ
FB_IMG_1766843042544

കേരളത്തെ ഇന്നത്തെ രീതിയിൽ നിലനിർത്തുന്നത് പ്രവാസികളാണെന്നും സാമ്പത്തികമായി സംസ്ഥാനത്തെ ശക്തിപ്പെടുത്തിയതും പ്രവാസികളാണെന്ന് കായിക -ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. വിഷൻ 2031- പ്രവാസി കാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

കേരളം വളർന്നത് കുടിയേറ്റങ്ങളിലൂടെയാണ്. ഓരോ മേഖലയിലുമുണ്ടായ വികസനം പ്രവാസികളുടെ സംഭാവനയാണ്. വിദ്യാഭ്യാസ, ആരോഗ്യ, ബാങ്കിങ്, വ്യവസായ മേഖലകളിൽ പ്രവാസി സമൂഹത്തിന്റെ നിസ്തുലമായ സംഭാവനയുണ്ട്. സംസ്ഥാനത്ത് പ്രവാസികൾ മുഖേന തന്നെ രാജ്യത്തിനു തന്നെ മാതൃകയാകുന്ന തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും നിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും ചെയ്തതിലൂടെ ‘ക്യാഷ്വൽ വർക്കേഴ്സ്’ എന്ന തലത്തിൽ നിന്ന് ‘നോളജബിൾ വർക്കേഴ്സ്’ എന്ന രീതിയിലേയ്ക്ക് പ്രവാസികൾ മാറി. ആരോഗ്യ മേഖലയിലും പ്രവാസികൾ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. കേരളത്തിലെ ശക്തമായ ബാങ്കിങ് മേഖലയും പ്രവാസികളുടെ നിക്ഷേപത്തിന്റെ ശക്തിയിലാണ് നിലനിൽക്കുന്നത്. സംരഭക മേഖലയിലും പ്രവാസികളുടെ ശക്തമായ സാന്നിധ്യമുണ്ട്. പ്രവാസികളുടെ ക്ഷേമവും വികസനവും ഭാവി പദ്ധതികളും ചർച്ച ചെയ്യാനുള്ള മികച്ച അവസരമാണ് ഈ സെമിനാർ- മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

 

മലപ്പുറം വുഡ്ബൈൻ ഫോലിയേജിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.ടി.ജലീൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ സമ്പത്തും അധ്വാനവുമാണ് കേരളം ഉപയോഗപ്പെടുത്തുന്നതെന്ന് എം.എൽ.എ. അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. രാജ്യം തന്നെ പ്രശംസിച്ച ലോക കേരള സഭ മികച്ച രീതിയിൽ നടത്താൻ നമുക്ക് കഴിഞ്ഞു. ഇതുവഴി പ്രവാസികൾക്ക് നാട്ടിലെ ജനപ്രതിനിധികളുമായി ഇടപെടുക, തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുക എന്ന സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. മുൻ മാതൃകകളില്ലാത്ത വിധത്തിൽ ലോകമെമ്പാടുമുള്ള മലയാളികളോട് സംവദിക്കാനും അവരുമായി ബന്ധം പുലർത്താനും സർക്കാർ ശ്രമിക്കുന്നു- എം.എൽ.എ. പറഞ്ഞു.