Home » Blog » Kerala » “കേരളത്തില്‍ ഭരണം പിടിക്കും, വന്‍ വികസനം കൊണ്ടുവരും, ഇത് മോദിയുടെ ഗാരന്റി”
24

കൊച്ചി: കേരളത്തില്‍ ഭരണം പിടിക്കുമെന്നും വന്‍ വികസനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്‍ഡിഎഫും യുഡിഎഫും അഴിമതിയില്‍ പങ്കാളികളാണ്. കുറ്റകൃത്യങ്ങളിലും വ്യവസായം തകര്‍ക്കുന്നതിലും പങ്കാളികളാണ്. കൊച്ചിയില്‍ എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മോദി.

‘ജയ് കേരളം, ജയ് വികസിത കേരളം’ മുദ്രാവാക്യമുയര്‍ത്തിയാണ് പ്രധാനമന്ത്രി തുടങ്ങിയത്. ‘എല്‍ഡിഎഫും യുഡിഎഫും അവിശുദ്ധ കൂട്ടുകെട്ടിലാണ്. തൃശൂര്‍ മണ്ഡലവും തിരുവനന്തപുരം കോര്‍പറേഷനും പോലെ കേരളം മുഴുവന്‍ എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിക്കും. കേരളത്തിന് പുതിയ തുടക്കം കുറിക്കേണ്ട സമയമായിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ എന്‍ഡിഎയെ വിശ്വസിക്കുന്നു’ -മോദി പറഞ്ഞു.

‘എന്‍ഡിഎക്ക് ഭരണം നല്‍കിയാല്‍ അത്ഭുതകരമായ വികസനം കൊണ്ടുവരും. ഇത് മോദിയുടെ ഗാരന്റിയാണ്. അഴിമതി, ചുവപ്പുനാട, ഹര്‍ത്താല്‍ മാഫിയ, ഭൂമാഫിയ എന്നിവയെ തുടച്ചുനീക്കും. പ്രവാസികള്‍ യുദ്ധം നേരിടുകയാണ്. ഒരു പൗരന് പ്രശ്‌നമുണ്ടായാല്‍ പോലും അവരെ സംരക്ഷിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ഉണ്ട്. പശ്ചിമേഷ്യയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നമ്മുടെ സുഹൃദ് രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഈ വിഷമ സന്ധിയിലും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. മോദിയെ വിമര്‍ശിച്ച് റീല്‍സ് ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.’

കോണ്‍ഗ്രസ് ‘എംഎംസി’ ആയി മാറിയെന്ന് മോദി പറഞ്ഞു. മുസ്‌ലിം ലീഗ്, മാവോയിസ്റ്റ്, കോണ്‍ഗ്രസ് കൂട്ടുകെട്ടാണിത്. എല്‍ഡിഎഫിന് തീവ്രവാദികളായ പിഡിപിയുമായി ബന്ധമുണ്ടെന്നും മോദി പറഞ്ഞു.

കൊച്ചിയില്‍ ധീവരസഭ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മന്ത്രാലയം രൂപീകരിച്ചുവെന്നും 1400 കോടി രൂപ നീക്കിവച്ചുവെന്നുമടക്കം പദ്ധതികള്‍ എണ്ണിപ്പറഞ്ഞു. ജനങ്ങളില്‍ നിന്ന് അനുഗ്രഹം തേടാനാണ് താന്‍ എത്തിയത്. കേരളയെ കേരളം എന്നാക്കിയത് എന്‍ഡിഎ സര്‍ക്കാരാണ്. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചു. കൊച്ചി സാമൂഹിക പരിവര്‍ത്തനത്തിന്റെ നാടാണെന്നും മോദി പറഞ്ഞു.