പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിന്റെ ഭാവിയെ നിർണയിക്കുന്ന മഹത്തായ ദൗത്യമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. നിർമാണം പൂർത്തിയാക്കിയ ഹൈടെക് അമ്മാടം ഗവ. എൽ.പി സ്കൂൾ കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൗതിക സൗകര്യങ്ങളുടെ വികസനത്തോടൊപ്പം മൂല്യബോധമുള്ള പൗരന്മാരെ സൃഷ്ടിക്കാനുള്ള പ്രേരണയാണ് വിദ്യാഭ്യാസ സംരക്ഷണ പദ്ധതികൾ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂളിൽ നിർമ്മിച്ച വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം സി.സി മുകുന്ദൻ എം.എൽ.എ നിർവഹിച്ചു.
പാറളം ഗ്രാമപഞ്ചായത്തിലെ 117 വർഷത്തെ ചരിത്രമുള്ള ഏക സർക്കാർ വിദ്യാലയമാണ് അമ്മാടം ഗവ. എൽ.പി. സ്കൂൾ. 2023–24 അധ്യയന വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തോടൊപ്പം 2024–25 വർഷത്തെ എസ്.എസ്.കെ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയുടെ അഡീഷണൽ ക്ലാസ് മുറികളും, എസ്.എസ്.കെ സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ വർണ്ണക്കൂടാരവും ഉൾപ്പെടെ ഹൈടെക് രൂപത്തിലുള്ള കെട്ടിട സമുച്ചയത്തിൻ്റെ നിർമാണമാണ് പൂർത്തിയായത്.
എല്ലാ ക്ലാസ് മുറികളിലും എയർ കണ്ടീഷനിംഗ് സംവിധാനം, എൽ.സി.ഡി പ്രൊജക്ടർ, ക്ലാസ് ലൈബ്രറി, സ്പീക്കർ സിസ്റ്റം തുടങ്ങിയ ആധുനിക സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
സി.സി. മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ. രാധാകൃഷ്‌ണൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. പി.ഡബ്ല്യു.ഡി. ബിൽഡിംഗ് ഡിവിഷൻ എക്‌സി. എഞ്ചിനീയർ സജിത്ത് മോഹൻ ദാസ്, എസ്.എസ്.കെ. ജില്ല പ്രോജക്‌ട് കോ-ഓർഡിനേറ്റർ എൻ.ജെ ബിനോയ് എന്നിവർ പദ്ധതി വിശദീകരണം നടത്തി.
പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി വിനയൻ, വൈസ് പ്രസിഡൻ്റ് ആശ മാത്യു, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെറി ജോസഫ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെയിംസ് പി. പോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിദ്യ നന്ദനൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിത മണി, വാർഡ് മെമ്പർമാരായ കെ.ബി സുനിൽ, സ്മിനു മുകേഷ്, സുനിത സുഭാഷ്, ജൂബി മാത്യു, അമ്മാടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.ആർ. വർഗ്ഗീസ് മാസ്റ്റർ, വിദ്യാകരണം ജില്ലാ കോഡിനേറ്റർ എൻ.കെ രമേശ്, ചേർപ്പ് എ.ഇ.ഒ എം.വി സുനിൽ കുമാർ, ബി.ആർ.പി ബി.പി.സി ഇൻ ചാർജ്ജ് കെ.ആർ. ബിനി, ഹെഡ്മിസ്ട്രസ് ടി.കെ. ശ്രീജ, പി.ടി.എ പ്രസിഡൻ്റ് റോസ്മേരി അപേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടന ചടങ്ങിനു ശേഷം വിദ്യാർത്ഥികളുടെ കലാരിപാടികളും അരങ്ങേറി.
