Home » Blog » Kerala » കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സാധാരണക്കാർക്കുള്ളത്; ഉദ്യോഗസ്ഥർ കാര്യക്ഷമത കാട്ടണം: കെ സി വേണുഗോപാല്‍ എംപി
images - 2026-02-26T212316.783

 

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലയിലെ പുരോഗതി വിലയിരുത്തുന്നതിനായി ദിശ യോഗം കളക്ടറേറ്റിൽ ചേർന്നു.

 

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ ഈ ബോധം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ആലപ്പുഴ കളക്ട്രേറ്റില്‍ ചേർന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലയിലെ പുരോഗതി വിലയിരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ വിദ്യാഭ്യാസ വായ്പകളും മുദ്രാ ലോണും നല്‍കുന്നതില്‍ ബാങ്കുകള്‍ കൂടുതല്‍ ഉദാരമായ സമീപനം സ്വീകരിക്കണം. ജില്ലയില്‍ വിദ്യാഭ്യാസ വായ്പയുടെ ഒരു ശതമാനം മാത്രമാണ് തിരിച്ചടവ് മുടങ്ങുന്നത്. എന്നാല്‍ ഇത് പെരുപ്പിച്ച് കാണിച്ചാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നിക്ഷേധിക്കുന്നത്. വായ്പ നല്‍കുന്നതില്‍ മത്സ്യ മേഖലയെ പൂര്‍ണ്ണമായും അവഗണിക്കുന്നതായും അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി.

 

യോഗത്തിൽ ദിശ കോ ചെയര്‍മാന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി സന്നിഹിതനായി. വിദ്യാഭ്യാസ വായ്പയും മുദ്രാ വായ്പയും നല്‍കുന്നതിന് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, ഒ.ബി.സി വിഭാഗങ്ങള്‍ തിരിച്ചുള്ള കണക്ക് കൂടി ഇനി വരുന്ന യോഗങ്ങളിൽ അവതരിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് പകരം പുതിയ പദ്ധതി നടപ്പിലാക്കുമ്പോള്‍ ആലപ്പുഴ ജില്ലയുടെ സവിശേഷ സാഹചര്യം അടിസ്ഥാനമാക്കി അനുയോജ്യമായ പ്രവര്‍ത്തികള്‍ കണ്ടെത്തി ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കെ.സി വേണുഗോപാൽ എം.പി നിർദേശം നൽകി.

 

യോഗത്തില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ ജി പി ശ്രീജിത്ത്‌, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ല തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.