അടുത്ത കെപിസിസി പ്രസിഡൻ്റ് ആരാകുമെന്ന ചർച്ചകൾ സജീവമായിരിക്കെ, തന്റെ നിലപാട് വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് താത്പര്യമുണ്ടെന്നോ ഇല്ലെന്നോ പറയാൻ കഴിയില്ലെന്നും, അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല. പദവിക്ക് വേണ്ടി അവകാശവാദം ഉന്നയിക്കാനോ അഭിപ്രായം തേടാനോ താൻ ശ്രമിച്ചിട്ടില്ല. പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുക എന്നത് പാർട്ടിയുടെ പ്രഖ്യാപിത നയമാണ്. പുതിയ മന്ത്രിസഭാ രൂപീകരണത്തിൽ ഇത് കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും സാഹചര്യം വിലയിരുത്തി ഹൈക്കമാൻഡ് ആണ് അധ്യക്ഷനെ നിശ്ചയിക്കുന്നത്. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടി വന്നത്. കൊടിക്കുന്നിൽ സുരേഷിന് പുറമെ ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരുടെ പേരുകളും ശക്തമായി പരിഗണനയിലുണ്ട്. മുൻപ് അവസാന നിമിഷം പദവി നഷ്ടമായ ആന്റോ ആന്റണിക്കും, കൊടിക്കുന്നിലിനും വേണ്ടി വലിയൊരു വിഭാഗം വാദിക്കുന്നുണ്ട്.
