കർണാടകയിലെ മാണ്ഡ്യയിലുള്ള കീർത്തി കെമിക്കൽസ് ഇൻഡസ്ട്രീസിൽ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഉണ്ടായ കെമിക്കൽ ടാങ്ക് സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. ഫാക്ടറിയിൽ ജോലിക്കിടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് ടാങ്കിന്റെ മൂടി തുറക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ടാങ്കിനുള്ളിൽ അവശേഷിച്ചിരുന്ന രാസ നീരാവിയിലേക്ക് ഗ്യാസ് കട്ടറിൽ നിന്നുള്ള അഗ്നി പടരുകയും നിമിഷങ്ങൾക്കുള്ളിൽ വൻ സ്ഫോടനം സംഭവിക്കുകയുമായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ബീഹാറിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ആകാശ്, കല്ലു എന്നിവരാണ് മരിച്ചതെന്ന് സഹപ്രവർത്തകർ തിരിച്ചറിഞ്ഞു. മരിച്ച കല്ലു തന്റെ അമ്മാവനാണെന്ന് മറ്റൊരു തൊഴിലാളിയായ അമൻ വെളിപ്പെടുത്തി. ഒരു മാസം മുൻപ് മാത്രം ആരംഭിച്ച പുതിയ പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. കരാറുകാരനായ ഗുഡ്ഡു ഖാൻ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. പരിക്കേറ്റവരെ ഉടൻ തന്നെ മാണ്ഡ്യ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ഫാക്ടറി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന് കാരണമായ രാസവസ്തു ഏതാണെന്ന് തിരിച്ചറിയാനുള്ള പരിശോധനകൾ നടന്നു വരികയാണ്. കൃത്യമായ മുൻകരുതലുകൾ ഇല്ലാതെ ടാങ്ക് തുറക്കാൻ ശ്രമിച്ചതാണോ അപകടകാരണമെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു.
